Kerala

തീര്‍ത്ഥാടനകാലം സമാപിച്ചത് നിറ സംതൃപ്തിയോടെ; അനുഭവപ്പെട്ടത് ഭക്തജനങ്ങളുടെ ഗംഗാപ്രവാഹം: മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി

Published by

സന്നിധാനം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിച്ചതെന്ന് ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങള്‍ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീര്‍ത്ഥാടനകാലത്ത് ഉണ്ടായത്.

അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തര്‍ക്കും സംതൃപ്ത ദര്‍ശനം സാധ്യമായി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂര്‍ണ പിന്തുണ നല്‍കിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും മേല്‍ശാന്തി പറഞ്ഞു.

ശബരിമല മകരവിളക്ക് തീര്‍ഥാടനം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. രാത്രി 11 ന് നട അടച്ച ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുന്‍പിലെ ഗുരുതിയോടെ ആയിരുന്നു തീര്‍ഥാടനത്തിന് സമാപനമായത്.

ഇന്ന് പന്തളം രാജപ്രതിനിധിക്ക് മാത്രമായിരുന്നു ദര്‍ശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര സന്നിധാനത്തു നിന്നു പുറപ്പെട്ടു. തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം 6:30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക