ന്യൂഡൽഹി : പ്രയാഗ്രാജിലെ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ രാജ്യത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ എത്തിക്കൊണ്ടേയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണിത് . ഇത്തവണ യുപി പോലീസ് മഹാ കുംഭമേളയ്‌ക്കായി വലിയ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനായി, മേളയുടെ വിശാലമായ പ്രദേശത്ത് വ്യോമ നിരീക്ഷണവും ജനക്കൂട്ട നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി 11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ടെതർ ചെയ്ത ഡ്രോണുകൾ കേബിളുകൾ വഴി ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിൽ തുടർച്ചയായി വൈദ്യുതി വിതരണം ഉണ്ട്. ബാറ്ററി ഡിസ്ചാർജ് ചെയ്യുന്ന പ്രശ്നമില്ല. അതുകൊണ്ടുതന്നെ ഇതിനു 24 മണിക്കൂറും തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും. ഈ ഡ്രോണുകൾക്ക് 120 മീറ്റർ ഉയരം വരെ പറക്കാനും 3 കിലോമീറ്റർ ചുറ്റളവിൽ പറക്കാനും കഴിയും. ഏറ്റവും പുതിയ തെർമൽ, ഐആർ ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡ്രോണുകളാണിവ.
യുപി പോലീസിന്റെ സുരക്ഷാ വിഭാഗം നാല് ടെതർഡ് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്നതിനായി ട്രാഫിക് ഡയറക്ടറേറ്റ് നാല് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. എ.ടി.എസ് മൂന്ന് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങളും അതുമായി ബന്ധപ്പെട്ട ഭീഷണികളും തടയുക എന്നതാണ് അവരുടെ ലക്ഷ്യം.
മഹാ കുംഭമേളയുടെ മൂന്നാം ദിവസം യുപി പോലീസ് ഇതുവരെ 9 ഡ്രോണുകൾ വെടിവച്ചിട്ടു. ഇതിൽ 6 ഡ്രോണുകൾ മകരസംക്രാന്തി ദിനത്തിൽ തന്നെ പിടിക്കപ്പെട്ടു. ഈ ഡ്രോണുകളിൽ ഒന്ന് റെഡ് സോണിൽ പറക്കാൻ ശ്രമിക്കുകയായിരുന്നു. യുപി പോലീസ് സുരക്ഷാ പോലീസ് മേധാവിയും മുതിർന്ന ഐപിഎസ് ഓഫീസറുമായ രഘുവീർ ലാലാണ് ഈ സംവിധാനം നിരീക്ഷിക്കുന്നത്. മഹാ കുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കാനായി വരെ എല്ലാം ഡ്രോണുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്.
ഏഴ് നിർണായക വഴികളിലായി 102 ചെക്ക്‌പോസ്റ്റുകളുള്ള ഒരു വൃത്താകൃതിയിലുള്ള സുരക്ഷാ സംവിധാനം പോലീസ് സ്ഥാപിച്ചിട്ടുണ്ട് . 40,000 പോലീസ് ഉദ്യോഗസ്ഥരും സൈബർ ക്രൈം വിദഗ്ധരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിരീക്ഷണ ശൃംഖല തന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം എൻ എസ് ജി കമാൻഡോസും സജ്ജമാണ്. അണ്ടർവാട്ടർ ഡ്രോണുകൾ, എഐ- ക്യാമറകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക