മുംബൈ : നഗരത്തിലെ ബാന്ദ്ര പ്രദേശത്തെ ആഡംബരപൂർണ്ണമായ അപ്പാർട്ട്മെന്റിൽ നടൻ സെയ്ഫ് അലി ഖാനെ കത്തിക്ക് കുത്തിപ്പരിക്കേൽപ്പിച്ച ആളെ കണ്ടെത്താൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പാർട്ട്മെൻ്റിൽ കടന്നുകയറിയയാളെ കണ്ടെത്താനും പിടികൂടാനും സിറ്റി പോലീസ് 20 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താൻ വിവരദാതാക്കളുടെ ശൃംഖല ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നടൻ ആക്രമിക്കപ്പെട്ടപ്പോൾ പ്രദേശത്ത് എത്ര മൊബൈൽ ഫോണുകൾ സജീവമായിരുന്നു എന്നതുൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും ശേഖരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നടന്റെ വീട്ടിൽ നിന്നും കെട്ടിടത്തിൽ നിന്നും ഫോറൻസിക് ടീമുകളുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ആക്രമണകാരിയെ കണ്ടെത്താൻ മുംബൈയിലെ പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ നടന്ന ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിൽ ഉൾപ്പെടെ ആറ് കുത്തേറ്റു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്.
അതേ സമയം കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. തടിക്കഷണവും നീളമുള്ള ഹെക്സ ബ്ലേഡും ഉപയോഗിച്ച് ആയുധധാരിയായ അക്രമി ആക്രമണത്തിന് ശേഷം ഓടിപ്പോകുന്നത് പോലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ 2.33 ന് പകർത്തിയ ദൃശ്യങ്ങളിൽ പ്രതിയായ യുവാവിന്റെ മുഖം വ്യക്തമായി കാണാം. കെട്ടിടത്തിന്റെ ആറാം നിലയിലെ പടികൾ ഇറങ്ങുന്ന പ്രതി കഴുത്തിൽ സ്കാർഫും തവിട്ടുനിറത്തിലുള്ള ടി ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. നടൻ 12-ാം നിലയിലാണ് താമസിക്കുന്നത്.
ആക്രമണത്തിൽ നടന് പുറമെ വീട്ടിലെ 56 വയസ്സുള്ള നഴ്‌സായ എലിയാമ ഫിലിപ്പിനും വീട്ടുജോലിക്കാരിയ്‌ക്കും സംഭവത്തിൽ പരിക്കേറ്റതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ ഖാൻ, ഭാര്യ കരീന കപൂർ, അവരുടെ രണ്ട് ആൺമക്കളായ ജെയും, തൈമൂറും അവരുടെ അഞ്ച് ജോലിക്കാരും വീട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക