തിരുവനന്തപുരം: സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വാഴ്‌ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഴ്‌ത്തുപാട്ട് തുടങ്ങുമ്പോൾ മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നില്ല. പാട്ട് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്.
ഗാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയായും പടയുടെ നടുവില്‍ പടനായകനായുമെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘വല്ലാത്ത അധിക്ഷേപം ഉയര്‍ന്നുവരുന്നതിനിടയില്‍ അല്പം പുകഴ്‌ത്തല്‍ വന്നാല്‍ ഉണ്ടാകുന്ന അസ്വസ്ഥതയെന്നാണ്’ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത്. മൂന്നു വര്‍ഷം മുന്‍പു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതും വിവാദമായിരുന്നു.
സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍ എന്ന വരികളോടെയാണു സംഘഗാനം തുടങ്ങുന്നത്. ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാണു പിണറായിയെന്നു പാട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ആശീര്‍വാദമുള്ള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയുടെ നേതൃത്വത്തിലാണു സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് മുഖസ്തുതി ഗാനം ആലപിച്ചത്.
ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. ‘കാവലാൾ’ എന്ന തലക്കെട്ടിലാണ് വാഴ്‌ത്തുപാട്ട് എഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് ചിത്രസേനൻ. ക്ലറിക്കൽ അസിസ്റ്റന്‍റായി വിരമിച്ച ശേഷം പിന്നീട് ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി നിയമിക്കുകയായിരുന്നു.
തന്റെ രക്ഷകനു വേണ്ടിയാണ് പാട്ട് എഴുതിയതെന്ന് ചിത്രസേനന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാവർക്കും ഇഷ്ടമാണ്. ആ രക്ഷകന് വേണ്ടി ഒരു പാട്ട് എഴുതിയില്ലെങ്കിൽ താൻ കവി ആയിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിപൂജ പാര്‍ട്ടിയുടെ രീതിയല്ലെന്നും ഇത്തരം ആള്‍ക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നുമുള്ള ആരോപണം പാര്‍ട്ടി അണികള്‍ക്കിടയിലും ശക്തമായിട്ടുണ്ട്. ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പാര്‍ട്ടിസംസ്ഥാന സെക്രട്ടറിയെ അവഗണിച്ചു മുഖ്യമന്ത്രി നിയന്ത്രണം കൈയടക്കിയതിന്റെ അതൃപ്തി അണികള്‍ക്കിടയില്‍ നിലനില്‍ക്കവെയാണ് പുതിയ നീക്കം. വ്യക്തിപൂജ വളര്‍ത്തുന്നുവെന്നാരോപിച്ച് വി.എസ്. അച്യുതാനന്ദന്റെയും ഗീതോപദേശത്തെ അനുകരിച്ച് ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ പി. ജയരാജന്റെയും ചിറകരിയാന്‍ വെമ്പല്‍കൊണ്ട പിണറായി വിജയന്റെ പുതിയ നീക്കത്തില്‍ അണികളും അമ്പരപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക