ന്യൂദല്‍ഹി: ഏറ്റവുമൊടുവില്‍ അദാനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വിതരണക്കരാര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തെന്നും അങ്ങിനെ നേടിയെടുത്ത കോടികളുടെ കരാറുകള്‍ ഉയര്‍ത്തിക്കാട്ടി അമേരിക്കയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുവെന്നുമുള്ള കുറ്റപ്പെടുത്തല്‍ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജിയെക്കൊണ്ട് നടത്തിച്ച ശത്രുക്കളുടെ ശ്രമം പാഴാവുന്നു. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വില ചൊവ്വാഴ്ച കുതിച്ചുയര്‍ന്നു. ഇതോടെ രാഹുല്‍-ജോര്‍ജ്ജ് സോറോസ് കൂട്ടുകെട്ട് വീണ്ടും തകര്‍ന്നു എന്ന പരിഹാസം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
അദാനിയ്‌ക്കെതിരെ കൈക്കൂലിക്കുറ്റം ഉണ്ടെന്നും ഇതിനെതിരെ സിവില്‍-ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞ യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ബ്രിയോണ്‍ പീസിന് യുഎസിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടെന്ന് പിന്നീട് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജോര്‍ജ്ജ് സോറോസ് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതിനായി ഇന്ത്യയിലുള്ള തന്റെ ഓപ്പണ്‍ സൊസൈറ്റി ഫോറം, ഒസിസിആര്‍പി തുടങ്ങിയ എന്‍ജിഒകള്‍ വഴിയും യുഎസിലെ ബന്ധങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്ത വ്യക്തിയാണ്. യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി അദാനിക്കെതിരെ കൈക്കൂലിക്കുറ്റം ആരോപിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതോടെ പതിവുപോലെ ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ ഏജന്‍റ് എന്ന് മുദ്രകുത്തപ്പെടുന്ന രാഹുല്‍ ഗാന്ധി അദാനിയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതോടെ അദാനി കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജിയുടെ കുറ്റപ്പെടുത്തലിന്റെ പ്രത്യാഘാതത്തില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ് അദാനി. ചൊവ്വാഴ്ച അദാനിയുടെ ഏതാണ്ട് എല്ലാ കമ്പനികളുടെയും ഓഹരി വിലകള്‍ ഉയര്‍ന്നു. അദാനി പവര്‍ (18 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി (13.2 ശതമാനം), അദാനി എനര്‍ജി സൊലൂഷന്‍സ് (12.62 ശതമാനം) അദാനി ടോട്ടര്‍ ഗ്യാസ് (11.33 ശതമാനം) എന്നിങ്ങനെയാണ് ഓഹരിവിലകള്‍ ഉയര്‍ന്നത്.
അദാനി എന്‍റര്‍ പ്രൈസസ്, അദാനി പോര്‍ട്സ്, അംബുജ സിമന്‍റ്സ്, എന്‍ഡിടിവി, സാംഘി ഇന്‍ഡസ്ട്രീസ് എന്നീ അദാനി ഓഹരികളുടെ വിലയും ഉയര്‍ന്നു. ജോ ബൈഡന്റെ ഭരണകാലത്ത് ഇന്ത്യയിലെ ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കൈക്കൂലിയുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ സിവില്‍ കേസുകള്‍ എടുത്തതിനെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലാന്‍സ് ഗൂഡന്‍ ചോദ്യം ചെയ്തതാണ് അദാനി ഓഹരികളുടെ വില കുതിക്കാന്‍ ഒരു കാരണം. ഇതിനര്‍ത്ഥം ട്രംപ് ജനവരി 20ന് യുഎസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നതോടെ അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായവകുപ്പ് ഉയര്‍ത്തിയ കാര്‍മേഘങ്ങള്‍ മാഞ്ഞുപോകുമെന്നാണ് കരുതുന്നത്. ഈ അഴിമതിക്കേസ് ഇന്ത്യയില്‍ നടന്നതാണെങ്കില്‍ എന്തുകൊണ്ട് യുഎസിലെ നിതീന്യായ വകുപ്പ് അദാനിയെ മാത്രം കുറ്റക്കാരനായി കാണുന്നുവെന്നതിന് വിശദീകരണം നല്‍കാന്‍ യുഎസ് നീതിന്യായവകുപ്പ് അറ്റോര്‍ണി ജനറലിനോട് വിശദീകരണം തേടിയിരിക്കുകയാണ് ലാന്‍സ് ഗൂഡന്‍ എംപി.
നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (2024 ഒക്ടോബര്‍-ഡിസംബര്‍) ഏകദേശം 28,455 കോടി രൂപയുടെ വൈദ്യുതി വിതരണക്കരാര്‍ നേടി എന്നതും അദാനിയ്‌ക്ക് അനുകൂലമായിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഓര്‍ഡറുകള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക