കൊച്ചി: ക്ലൈമറ്റ് റസീലിന്റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ ‘വില്ലേജ് (സിആര്‍സിഎഫ് വി) പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തെരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളായ എടവനക്കാട്, ഞാറക്കല്‍ എന്നിവിടങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ കേന്ദ്ര ഫിഷറീസ്, ക്ഷീര, മൃഗസംരക്ഷണ സഹമന്ത്രി ജോര്‍ജ് കുര്യന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു. തീരത്തോട് ചേര്‍ന്നുള്ള 100 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പ്രതിരോധിക്കുന്നതിനു തീരദേശ മത്സ്യഗ്രാമങ്ങളായി (സിആര്‍സിഎഫ് വി) വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ക്ലൈമറ്റ് റസീലിന്റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ ‘വില്ലേജ് (സിആര്‍സിഎഫ് വി).ഞാറക്കലില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷയായിരുന്നു.
എറണാകുളം(മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ ജോസ് പി. സ്വാഗതം ആശംസിച്ചു. പദ്ധതിയെക്കുറിച്ച് ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്. നായര്‍ വിശദീകരിച്ചു.
പദ്ധതിയുടെ ഉപഘടകമായ മാര്‍ക്കറ്റ് നവീകരണം നടക്കുന്ന ഞാറക്കല്‍, എടവനക്കാട് ഫിഷ്മാര്‍ക്കറ്റുകള്‍ മന്ത്രി സന്ദര്‍ശിച്ചു. പദ്ധതി രൂപരേഖയെപ്പറ്റി നിര്‍മ്മാണ ഏജന്‍സിയായ കെഎസ്സിഎഡിസി അംഗങ്ങള്‍ മന്ത്രിക്ക് വിശദീകരിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കും കെഎസ്സിഎഡിസി അംഗങ്ങള്‍ക്കും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: