ന്യൂദെൽഹി:ബിജെപിയുടെ പ്രമുഖ നേതാവ് സ്മൃതി ഇറാനിയെ ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി തീരുമാനിച്ചതായി ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജിനെതിരെ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സൗരഭ് ഭരദ്വാജിനെ പോലെയുള്ള ഒരു പ്രമുഖ നേതാവിനെ നേരിടാൻ ഒരു കരിസ്മാറ്റിക് നേതാവായ സ്മൃതി ഇറാനിക്ക് കഴിയുമെന്ന് ബിജെപിയുടെ ഡൽഹി ഘടകം ദേശീയ നേതൃത്വത്തോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ 59 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയും 11 പേരെ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് സ്മൃതി ഇറാനി സ്ഥാനാർത്ഥിയാകുമെന്നുള്ള വാർത്ത വരുന്നത്. പാർട്ടി ഡൽഹി ഘടകത്തിന്റെ ഈ നിർദ്ദേശം സ്മൃതി ഇറാനിയുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ ദേശീയ നേതൃത്വം ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ബൈ ജയന്ത് പാണ്ഡെയോട് നിർദ്ദേശിച്ചതായും അറിയുന്നു. സ്മൃതി ഇറാനിയോടൊപ്പം ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും ദെൽഹി മുൻ മേയറുമായ ആർതി മെഹ്റ, ഗ്രേറ്റർ കൈലാഷ് വാർഡിലെ ദെൽഹി കോർപ്പറേഷൻ കൗൺസിലർ ശിഖാ റായ്, മുൻ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി എന്നിവരുടെ പേരും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയുടെ ദെൽഹി ഘടകം കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തു. ആർതിയും ശിഖ റായിയും മണ്ഡലത്തിലെ താമസക്കാരാണെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ച ശിഖാ റായ് സൗരഭ് ഭരദ്വാജിനോട് പതിനാറായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. മീനാക്ഷി ലേഖിക്ക് ഡൽഹി കൻ്റോൺമെൻ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കാനാണ് കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: