സര്‍ക്കാരില്‍ എന്നപോലെ സിപിഎമ്മിലും സ്വേച്ഛാധിപത്യം സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ തന്നെ പിണറായി തീരുമാനിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്ത് പിണറായി കാഴ്ചവച്ച ശക്തിപ്രകടനം. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി രീതികള്‍ ലംഘിച്ച് സ്വപക്ഷത്തിന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുകയാണ് പിണറായി ചെയ്തത്. സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായി പിണറായി ഏറ്റെടുത്തത് ഒരു വിഭാഗം പ്രതിനിധികളില്‍ വലിയ അമര്‍ഷം നിറച്ചിരിക്കുകയാണ്. സമ്മേളനം ഉദ്ഘാടനം ചെയ്തതും പ്രതിനിധികളോട് സംസാരിച്ചതും ചര്‍ച്ചകള്‍ നയിച്ചതും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തതുമൊക്കെ പിണറായിയായിരുന്നു. സമ്മേളനത്തില്‍ ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നോക്കുകുത്തി ആക്കിയായിരുന്നു പിണറായി ഇപ്രകാരം നിറഞ്ഞുനിന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പിണറായിപ്പേടിയില്‍ നിശബ്ദത പാലിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും, പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറിയുമാണ് മറുപടി പറയുക. ഈ രീതി തെറ്റിച്ചതില്‍ പ്രതിഷേധിച്ചെന്നോണം എം.വി. ഗോവിന്ദന് പൊതു സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയുണ്ടായി.
പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചുവെന്നും, ഇതിന് വിരുദ്ധമായി അംഗങ്ങള്‍ പെരുമാറുന്ന ജില്ല ആലപ്പുഴയാണെന്നും പിണറായി വിജയന് പറയുകയുണ്ടായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയനെ കേന്ദ്രീകരിച്ച് വിഭാഗീയത അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. മറുപക്ഷത്തെ അനങ്ങാന്‍ അനുവദിക്കാത്ത വിധം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് പിണറായി. സിപിഎമ്മിലെ വിഭാഗീയതയുടെ തട്ടകമായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജില്ലയായ ആലപ്പുഴ. വിഎസിനെയും പിണറായിയെയും കേന്ദ്രീകരിച്ച് നടന്ന വിഭാഗീയതയില്‍ വിഎസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും പല നേതാക്കളെയും ഉപയോഗിച്ച് വിഎസ് പക്ഷത്തെ വെട്ടി നിരത്തുകയായിരുന്നു പിണറായി. വിഎസിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യം നിലനിന്ന കാലത്ത് അതിനെതിരെ ശബ്ദിക്കാന്‍ ധൈര്യം കാണിച്ച നേതാവാണ് ജി. സുധാകരന്. ഈ ധൈര്യം പിണറായി നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു. ഇതേ സുധാകരനെ തള്ളി മന്ത്രി സജി ചെറിയാനെ ഒപ്പം നിര്‍ത്തിയാണ് പിണറായി പുതിയ പട നയിക്കുന്നത്. വിഎസ് പക്ഷത്തെ നേതാക്കള്‍ ഏതാണ്ട് എല്ലാവരും തന്നെ ഒതുക്കപ്പെട്ടിരിക്കുന്നു. പിണറായിയുടെ പ്രതിപുരുഷനായി നിന്ന് സജി ചെറിയാന് പാര്‍ട്ടിയുടെ നിയന്ത്രണം കയ്യിലെടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ വലിയ പാരമ്പര്യമുള്ള സുധാകരന് ഒറ്റപ്പെട്ടിരിക്കുന്നു. സുധാകരന്റെ പരസ്യ പ്രതികരണത്തെ പോലും പിണറായി പക്ഷം അവഗണിച്ചു തള്ളുകയാണ്.
സര്‍ക്കാരില്‍ ഇപ്പോള്‍ പിണറായി വിജയന് എതിരാളികള്‍ ആരുമില്ല. അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിസഭയില്‍ ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ചു. ഭരണം കുത്തഴിഞ്ഞിരിക്കുകയും, ജനവിരുദ്ധമായിരിക്കുകയും, അഴിമതി തുടര്‍ക്കഥയാവുകയും ചെയ്തിട്ടും സര്‍ക്കാരില്‍ ഒരാള്‍ പോലും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്ത അവസ്ഥയാണ്. അഴിമതികളെ വിമര്‍ശിച്ച് പിണറായിയുടെ എതിരാളിയാവുന്നതിനേക്കാള്‍ ഒപ്പം നിന്ന് ഗുണഭോക്താവ് ആവുകയാണ് ബുദ്ധിയെന്ന നിലപാടിലേക്ക് രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മാറിയിരിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ പാര്‍ട്ടിയിലും ഉണ്ടാക്കുവാനാണ് പിണറായി തീരുമാനിച്ചിരിക്കുന്നത്. സാധ്യത തീരെയില്ലെങ്കിലും ഒരിക്കല്‍ കൂടി അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ മൂന്നാമതും മുഖ്യമന്ത്രിയാവാനും, ഇടയ്ക്കുവച്ച് മരുമകന് ബാറ്റണ്‍ കൈമാറാനും കഴിയണമെങ്കില്‍ സമ്പൂര്‍ണ്ണമായി പാര്‍ട്ടി പിടിച്ചെടുക്കണമെന്ന് പിണറായിക്കറിയാം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, സ്വയം വിമര്‍ശനം എന്നൊക്കെ പറയുന്നത് സിപിഎമ്മില്‍ അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങളാണ്. ഏകാധിപത്യം ജനാധിപത്യത്തിന്റെ ഉന്നതരൂപമായി കാണുന്ന, മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന സംഘടനാ സംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ പിണറായിസത്തിന് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയും. സോവിയറ്റ് യൂണിയന് മോഡലും ചൈനീസ് മോഡലും അല്ല, ഉത്തരകൊറിയന്‍ മോഡലാണ് പിണറായി വിജയന് സര്‍ക്കാരിലും പാര്‍ട്ടിയിലും നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: