ന്യൂദല്‍ഹി: യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ക്രമേണ ഇടിയുന്നതിനുള്ള പ്രധാനകാരണം ഡൊണാള്‍ഡ് ട്രംപ് പ്രതിഭാസമെന്ന് സാമ്പത്തികവിദഗ്ധര്‍. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെയും ഡോളറിനെയും പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന അമിത പ്രതീക്ഷ യുഎസില്‍ വലിയ ചലനമാണുണ്ടാക്കിയിരിക്കുന്നത്. ഇത് മൂലം യുഎസ് ഡോളറിന്റെ മൂല്യം അസാധാരണമാം വിധം ഉയരുകയാണ്. ഈ പ്രതീക്ഷയില്‍ ഇന്ത്യയിലെ ഓഹരി-കടപ്പത്ര വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ഏകദേശേ 300 കോടി ഡോളര്‍ (25,000 കോടി രൂപയില്‍ അധികം) ആണ്. ഇത് മൂലം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വല്ലാതെ തകര്‍ന്നിരിക്കുന്നു, ഓഹരിവിപണിയും നേരത്തെയുണ്ടായിരുന്ന ഉയരങ്ങള്‍ കൈവിട്ട് താഴേക്ക് പതിച്ചിരിക്കുന്നു.
ഈ ട്രംപ് കലിതുള്ളല്‍ താല്‍ക്കാലികമെന്ന് എസ് ബിഐ റിപ്പോര്‍ട്ട്
എങ്കിലും ഇന്ത്യയിലെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ട്രംപിന്റെ അധികാരത്തില്‍ ഏറിയതുമൂലമുള്ള ഈ കലിതുള്ളലിന് അല്‍പായുസ്സാണുള്ളതെന്ന് എസ് ബി ഐ റിപ്പോര്‍ട്ട്. ട്രംപ് അധികാരമേറ്റ് അധികം വൈകാതെ കാര്യങ്ങള്‍ പഴയ പടിയാകുമെന്നാണ് എസ് ബിഐ റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
2025 ഫെബ്രുവരി മുതല്‍ റിസര്‍വ്വ് ബാങ്ക് വീണ്ടും രൂപയുടെ പലിശനിരക്ക് കുറയ്‌ക്കുമെന്നും ഇത് ഇന്ത്യയിലെ നാണ്യപ്പെരുപ്പത്തോത് കുറയ്‌ക്കുമെന്നും ഉള്ള പ്രതീക്ഷയാണ സിറ്റിബാങ്ക് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ 2025ലെ ഏപ്രില്‍ മുതലുള്ള സമയമാവുമ്പോഴേക്കും നാണ്യപ്പെരുപ്പത്തിന്റെ തോത് നാല് ശതമാനത്തില്‍ നിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കിന് കഴിഞ്ഞേക്കുമെന്നും അത് ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും സിറ്റി ബാങ്ക് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഇത് രൂപയെ ശക്തിപ്പെടുത്തിയേക്കും.
അമേരിക്ക ഫസ്റ്റ് എന്ന ട്രംപ് നയത്തില്‍ ആടിയുലഞ്ഞ് ലോകം
അമേരിക്കയെയും ഡോളറിനെയും പഴയ പ്രതാപത്തില്‍ എത്തിക്കും എന്ന പ്രചാരണവുമായി യുഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും യുഎസ് പ്രസിഡന്‍റായി അധികാരത്തില്‍ എത്തുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ ഡോളറിനെ അതിശക്തമാക്കുന്ന ഒരു ഘടകം. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളോടും ഇടപാട് വീണ്ടും ഡോളറില്‍ തന്നെ ആക്കണമെന്നും അതിന് വിസമ്മതിക്കുന്ന രാജ്യങ്ങള്‍ പിഴ നല്‍കേണ്ടിവരുമെന്നുമുള്ള താക്കീത് ഡൊണാള്‍ഡ് ട്രംപ് നല്‍കിക്കഴിഞ്ഞു. അതുപോലെ എണ്ണക്കച്ചടവടത്തില്‍ റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്ക് ശക്തമായ ഉപരോധമാണ് അമേരിക്ക നടപ്പാക്കാന്‍ പോകുന്നത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഇതും അമേരിക്കന്‍ ഡോളറിനെ ശക്തിപ്പെടുത്തി. ഇതുകൂടാതെ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്റെ പലിശ നിരക്ക് വെട്ടിക്കുറച്ചതും ഡോളറിന്റെ കരുത്ത് വര്‍ധിപ്പിച്ചു.
മാത്രമല്ല, ട്രംപ് അമേരിക്കന്‍ വിപണിയെയും അമേരിക്കന്‍ ബിസിനസുകളെയും സംരക്ഷിക്കാന്‍ വലിയ മാറ്റങ്ങളാണ് വരുത്താന്‍ പോകുന്നത്. പുറംരാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കുള്ള നികുതി കൂട്ടും. ഇത് ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നും ചരക്കുകള്‍ അമേരിക്കന്‍ വിപണിയില്‍ കൊട്ടുന്ന സ്ഥിതിയ്‌ക്ക് മാറ്റമുണ്ടാക്കും. ഇതോടെ അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്‍റ് കൂടും. ഇത് അമേരിക്കയിലെ കമ്പനികളെ പരിപോഷിപ്പിക്കും. ഇതാണ് ട്രംപിന്റെ ലക്ഷ്യം. പക്ഷെ ഇത് ആഗോളവ്യാപാരശൃംഖല തകര്‍ക്കും. തടസ്സമില്ലാത്ത ആഗോള ചരക്ക് നീക്കം എന്ന സങ്കല്‍പം തകരും. വ്യാപാരത്തില്‍ നിലനിന്നിരുന്ന പ്രവചനക്ഷമത ഇല്ലാതാകും. വലിയ അസ്ഥിരത ഇത് സൃഷ്ടിച്ചേക്കും. മറ്റൊരു പ്രധാനമാറ്റം ട്രംപ് നടപ്പാക്കാന്‍ പോകുന്നത് കോര്‍പറേറ്റ് വരുമാന നികുതി 15 ശതമാനംവെട്ടിക്കുറയ്‌ക്കുമെന്ന പ്രസ്താവനയാണ്. ഇത് വിദേശനിക്ഷേപകര്‍ക്ക് അമേരിക്കയെ നിക്ഷേപത്തിന് പറ്റിയ രാജ്യമാക്കി മാറ്റും. ഇതിനാല്‍ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ കമ്പനികളുടെ ഓഹരി വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. കാരണം അമേരിക്കന്‍ വിപണിയെ മുഖ്യമായും ലാക്കാക്കുന്ന ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും. പക്ഷെ ട്രംപ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റങ്ങളെല്ലാം ഡോളറിനെ ശക്തിപ്പെടുത്താന്‍ ഉതകുന്നവയാണ്. അതിനാല്‍ ഡോളറിന്റെ മൂല്യം അനുദിനമെന്നോണം ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
യുഎസ് പ്രസിഡന്‍റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് മൂലം ഡോളറിനുണ്ടായ ഉണര്‍വ്വ്, അമേരിക്കയുടെ റഷ്യാവിരുദ്ധ നയങ്ങള്‍ മൂലം എണ്ണ വിലയിലുണ്ടാകുന്ന ഉയര്‍ച്ച, ഇസ്രയേല്‍-ഹമാസ്, ഇസ്രയേല്‍-ഇറാന്‍, ഉക്രൈന്‍-റഷ്യ യുദ്ധസാഹചര്യങ്ങള്‍, യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് വെട്ടിക്കുറച്ചത് എന്നിവ ചേര്‍ന്നുള്ള ആഗോള അസ്ഥിരത ക്രമേണ രൂപയെ മൂല്യത്തകര്‍ച്ചയിലേക്ക് നയിക്കുകയാണ് . ജനവരി 13 തിങ്കഴാഴ്ച ഒരു ഡോളറിന് 86 രൂപ 59 പൈസ എന്ന നിലയിലായിരുന്നു രൂപ. റിസര്‍വ്വ് ബാങ്ക് ശക്തമായി വിദേശവിനിമയ മാര്‍ക്കറ്റില്‍ ഡോളര്‍ ഇറക്കിയിട്ടും രൂപയുടെ മൂല്യശോഷണം ഒരു പരിധി മാത്രമേ തടയാന്‍ സാധിക്കുന്നുള്ളൂ. എങ്കിലും റിസര്‍വ്വ് ബാങ്ക് അവരുടെ നാണ്യശേഖരത്തിലുള്ള ഡോളര്‍ ഇറക്കി രൂപയെ രക്ഷിക്കാനുള്ള ഇടപെടല്‍ തുടരുന്നതിനാല്‍ വമ്പന്‍ കൂപ്പുകുത്തലില്‍ നിന്നും രൂപയെ രക്ഷിയ്‌ക്കാന്‍ കഴിയുന്നു എന്ന് മാത്രം.
ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി നടത്തുന്നവര്‍ കൂടുതല്‍ ഡോളര്‍ ആവശ്യപ്പെടുന്നുണ്ട്. എണ്ണ വില ഉരുന്നതിനാല്‍ ഉയര്‍ന്ന ഇറക്കുമതിച്ചെലവ് മുട്ടിപ്പോകുന്നതിന് വേണ്ടിയാണിത്. ഇതിനാലും രൂപ ദുര്‍ബലമാകുന്നുണ്ട്.
അതേ സമയം രൂപയുടെ മൂല്യം കുറയുന്നത് താല്‍ക്കാലിക പ്രതിഭാസമാണെന്ന് വിശ്വസിക്കുന്ന ശുഭാപ്തിവിശ്വാസക്കാരും ഉണ്ട്. ഏണ്‍സ്റ്റ് ആന്‍റ് യംഗിലെ ഡി.കെ. ശ്രീവാസ്തവ അക്കൂട്ടത്തില്‍പ്പെട്ട വ്യക്തിയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കറന്‍സികളുടെ പലിശ നിരക്ക് കുറയുമ്പോഴും ഇന്ത്യന്‍ രൂപയുടെ മൂല്യം സുസ്ഥിരമായി തുടരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഡോളറിനെ സ്റ്റെറിലൈസ് ചെയ്തിട്ടും രൂപയുടെ മൂല്യം ഉയരാത്ത സാഹചര്യം
ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ തകരുന്നതില്‍ നിന്നും രക്ഷിക്കാന്‍ റിസര്‍വ്വ് ബാങ്ക് ശക്തമായ ഇടപെടല്‍ നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഇന്ത്യയിലേക്കെത്തുന്ന ഡോളറിനെ സ്റ്റെറിലൈസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ഡോളറിനെ മുഴുവനായി ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് വാങ്ങുകയാണ്. ഇതാണ് സ്റ്റെറിലൈസേഷന്‍ അഥവാ ന്യൂട്രലൈസേഷന്‍. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ വരവ് വര്‍ധിക്കും. ഡോളറിന്റെ സാന്നിധ്യം കുറയുകയും ചെയ്യും. ഇത് രൂപയുടെ മൂല്യം ഉയര്‍ത്തും. പക്ഷെ ട്രംപ് പ്രതിഭാസം മൂലം ഡോളര്‍ സ്റ്റെറിലൈസ് ചെയ്തിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണ്.
കയ്യിലെ ഡോളര്‍ ഇറക്കി തല്‍ക്കാലം രൂപയെ രക്ഷപ്പെടുത്തേണ്ടെന്നും തീരുമാനം
എങ്കിലും ട്രംപ് ജനവരി 20ന് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പഴയ പടിയാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. നവമ്പറില്‍ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെതന്നെ യുഎസ് ഡോളറിന്റെ മൂല്യം അസാധാരണമായ രീതിയില്‍ കുതിച്ചുചാടിയിരുന്നു. പിന്നീടുള്ള നാളുകളില്‍ ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങി. രൂപയുടെ മൂല്യം പൊടുന്ന എട്ട് ശതമാനത്തോളം താഴേക്ക് പതിച്ചതോടെ വിദേശനാണ്യ ശേഖരത്തില്‍ നിന്നും ഡോളര്‍ വിപണിയില്‍ ഇറക്കി ഇന്ത്യന്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താവുന്ന സാഹചര്യമല്ലെന്ന് റിസര്‍വ്വ് ബാങ്ക് തിരിച്ചറിഞ്ഞിരുന്നു. അതേ തുടര്‍ന്ന് രൂപയുടെ മൂല്യം വിപണിയില്‍ സ്വാഭാവികമായ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകട്ടെ എന്ന നിലപാടെടുത്തിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. അതായത് കയ്യിലുള്ള ഡോളര്‍ ഇറക്കി രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു എന്നര്‍ത്ഥം.
മൂന്ന് മാസത്തില്‍ ഡോളറിന്റെ മൂല്യത്തില്‍ എട്ട് ശതമാനം കുതിച്ചുചാട്ടം അപൂര്‍വ്വം
കഴിഞ്ഞ മൂന്ന് മാസത്തില്‍ രൂപയ്‌ക്കെതിരായ ഡോളറിന്റെ മൂല്യത്തില്‍ എട്ട് ശതമാനം വര്‍ധനവ് സംഭവിച്ചത് അസാധാരണമാണെന്ന് ഇന്ത്യന്‍ വിദഗ്ധര്‍ പറയുന്നു. സാധാരണ വര്‍ഷം തോറും രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ ഇന്ത്യന്‍ രൂപയുടെ മൂല്യം തകരുന്നത് പതിവാണ്. 2019 മുതലുള്ള കണക്കെടുത്താല്‍ വര്‍ഷം തോറും 3.3 ശതമാനം എന്ന തോതിലാണ് രൂപയുടെ മൂല്യത്തില്‍ ശോഷണം ഉണ്ടായത്. പക്ഷെ ട്രംപ് പ്രതിഭാസം മൂലവും അസാധാരണ യുദ്ധസാഹചര്യം മൂലവുമാണ് രൂപയുടെ മൂല്യത്തില്‍ അസാധാരണമായ തോതില്‍ ശോഷണം സംഭവിച്ചത്. ഇതില്‍ മാറ്റം വന്നേക്കുമെന്ന് കരുതുന്നു. ഇനി 2025ലും മൂന്ന് ശതമാനം ശോഷണം ഉണ്ടായാല്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപ എന്ന നിലയിലേക്ക് താഴും.
ഇത്ര ഇടിഞ്ഞെങ്കിലും ഇന്ത്യന്‍ രൂപ ഏഷ്യയിലെ മികച്ച കറന്‍സി തന്നെ
ഇത്ര ഇടിഞ്ഞെങ്കിലും ഇന്നും ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന കറന്‍സി തന്നെയാണ് ഇന്ത്യന്‍ രൂപയെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറയുന്നു. ഏഷ്യയിലെ മറ്റ് കറന്‍സികളുമായി ഇന്ത്യന്‍ രൂപയെ താരതമ്യം ചെയ്യുമ്പോള്‍ ഇത് മനസ്സിലാകും. ജപ്പാന്റെ യെന്‍ ഇക്കാലയളവില്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ 8.8 ശതമാനത്തോളം ഇടിഞ്ഞു. തെക്കന്‍ കൊറിയയുടെ വണ്‍ എന്ന കറന്‍സിയുടെ മൂല്യം ഡോളറിനെതിരെ 2024 ജനവരി മുതല്‍ നവമ്പര്‍ വരെ ഏകദേശം 7.5 ശതമാനത്തോളം ഇടിഞ്ഞു. അതുപോലെ ജി10 രാജ്യങ്ങളിലെ കറന്‍സികളെല്ലാം തന്നെ ഡോളറിനെതിരെ 4 ശതമാനത്തോളം വിനിമയ നിരക്കില്‍ കൂപ്പുകുത്തി. ലോകത്തിലെ 11 മുന്‍നിര വ്യാവസായികരാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജി10 ഗ്രൂപ്പ്. ഇവരുടെ കറന്‍സിയില്‍ കനേഡിയന്‍ ഡോളര്‍, യൂറോ, ന്യൂസിലാന്‍റ് ഡോളര്‍, നോര്‍വ്വെയുടെ ക്രോണ്‍, സ്വീഡന്റെ ക്രോണ, സ്വിറ്റ്സര്‍ലാന്‍റിന്റെ ഫ്രാങ്ക് എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ബ്രിട്ടന്റെ പൗണ്ട് മാത്രമാണ് ഇത്രത്തോളം തകര്‍ച്ച നേരിടാത്ത ഏക കറന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക