കൊച്ചി: നടി ഹണി റോസിനെതിരേ അശ്ലീല പരാമർശം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്.
കോടതി ഉത്തരവ് വൈകുന്നേരം 3.30ന് ഉണ്ടാകും. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണൂരിനെ എന്തിന് കസ്റ്റഡിയില്‍ വിടണമെന്ന ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരായി.
അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും ചോദ്യംചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ഒരേ കുറ്റകൃത്യം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപം പതിവാക്കിയ ആളാണ്. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയാണ്. നടി ഹണി റോസിനെ മാത്രമല്ല പ്രതി ആക്ഷേപിച്ചിട്ടുള്ളത്. അധിക്ഷേപ പരാമര്‍ശങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും നിരവധി നടത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: