ഇസ്ലാമബാദ് : പാകിസ്ഥാനില്‍ ഹിന്ദുവായതിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന പീഢനങ്ങള്‍ ഒട്ടേറെയാണെന്ന് പറയുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു. പാകിസ്ഥാനില്‍ ഹിന്ദുവായി കഴിയുന്നതിനാല്‍ ഓരോ ദിവസവും വ്യത്യസ്തമായ പീഢനങ്ങളിലൂടെ കടന്നുപോവുകയാണെന്ന് വൈകാരികതയോടെ വിവരിക്കുകയാണ് വീഡിയോയില്‍ ഈ പെണ്‍കുട്ടി.
സുനന്ദ റോയ് എന്ന സനാതനധര്‍മ്മ അനുഭാവി പങ്കുവെച്ച ഈ വീഡിയോ കണ്ടത് ഏകദേശം 57 ലക്ഷം പേര്‍. ഏഷ്യയില്‍ വിപുലമായ യൂട്യൂബ് നെറ്റ് വര്‍ക്ക് ആയ ട്യൂണിക്കിന്‍റേതാണ് ഈ വീഡിയോ. നല്ല ഇംഗ്ലീഷിലാണ് ഈ പെണ്‍കുട്ടി കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
“ഞാന്‍ ഒരു പാകിസ്ഥാനി ഹിന്ദുവാണ്. ഞാന്‍ എന്റെ അനുഭവങ്ങളെക്കുറിച്ച് മുസ്ലിം കൂട്ടുകാരെയും ഹിന്ദു കൂട്ടുകാരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഓരോ ദിവസവും ഇസ്ലാമിലേക്ക് മാറാന്‍ എന്നെ പലരും നിര്‍ബന്ധിക്കാറുണ്ട്. ഓരോ ദിവസവും. അപ്പോള്‍ ഞാന്‍ ശിവഭഗവാന് നേരെ കൈകള്‍ കൂപ്പും. എന്റെ സഹോദരനെ അടിക്കാറുണ്ട്.. സഹോദരനെ നിര്‍ബന്ധപൂര്‍വ്വം ബീഫ് കഴിപ്പിക്കാറുണ്ട്.”- സ്കൂളില്‍ മതത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങളെക്കുെറിച്ച് പെണ്‍കുട്ടി പറയുന്നു.
“അവര്‍ എന്റെ പാത്രത്തിലും ബീഫ് കൊണ്ട് ഇടാറുണ്ട്. പക്ഷെ ഞാന്‍ അതിനെ തന്ത്രപൂര്‍വ്വം മറികടക്കും. പക്ഷെ ഞാന്‍ അതിനെക്കുറിച്ചൊന്നും പറയാറില്ല. കാരണം ഞങ്ങള്‍ ന്യൂനപക്ഷമാണ്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായതിനാല്‍ ഇതിനെതിരെ ഒന്നും പ്രതികരിക്കാന്‍ കഴിയാറില്ല. ഇതില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമുണ്ട്. ആളുകള്‍ മതത്തെ മറ്റുള്ളവരെ വെറുക്കാന്‍ ഉപയോഗിക്കുന്നു. എന്നെ പലപ്പോഴും കാഫിര്‍ എന്ന് വിളിച്ച് പരിഹസിക്കാറുണ്ട്. ഞാന്‍ അതൊന്നും വകവെയ്‌ക്കാറില്ല. അതെ, ഞാന്‍ കാഫിര്‍ ആണ്. കാരണം ഞാന്‍ ആ മതത്തില്‍പ്പെട്ട ആളല്ല. ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്. എനിക്ക് ഇസ്ലാം മതത്തെക്കുറിച്ച് അറിയാം. ഞാന്‍ കത്തോലിക്കരുടെ സ്കൂളില്‍ പഠിച്ച ഹിന്ദുവാണ്. അവിടെ പക്ഷെ ഖുറാന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഞാന്‍ പത്താം ക്ലാസോ, പതിനൊന്നാം ക്ലാസോ പാസായി ബോര്‍ഡ് എക്സാം എഴുതുന്നിടത്തോളം എത്തില്ലെന്നായിരുന്നു അവര്‍ കരുതിയത്. ബോര്‍ഡ് എക്സാമില്‍ ഇസ്ലാമിക് തത്വങ്ങളെക്കുറിച്ച് നിര്‍ബന്ധമായും എഴുതേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാന്‍ നിര്‍ബന്ധിതയായത്.
“ഇപ്പോഴും എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ മതത്തെ പിന്തുടര്‍ന്നോളൂ. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ ഒരിയ്‌ക്കലും നിങ്ങളുടെ മതത്തില്‍ ചേരില്ല. കാരണം ഞാന്‍ ഇസ്ലാം മതത്തിന്റെ പേരില്‍ അവിടെ പഠിപ്പിച്ച ഒരു കാര്യത്തിലും വിശ്വസിക്കുന്നില്ല. പക്ഷെ ശരി. ആളുകള്‍ക്ക് പല തരത്തിലുള്ള വിശ്വാസങ്ങള്‍ ഉണ്ടായിരിക്കാം. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. മതം എന്നത് നിര്‍ബന്ധിക്കലല്ല. പക്ഷെ ആ രാജ്യത്ത് നിര്‍ബന്ധിക്കപ്പെടലുകള്‍ കൂടുതലാണ്”. – പെണ്‍കുട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക