ന്യൂദല്‍ഹി: വികസിതഭാരതമെന്ന സ്വപ്നം ഭാരതത്തിലെ യുവശക്തി സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദജയന്തി – ദേശീയ യുവജനദിനത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ വികസിത ഭാരത യുവനേതൃസംവാദത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം മുഴുവന്‍ സ്വാമി വിവേകാനന്ദ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ സ്മരിക്കുകയും പ്രണമിക്കുകയും ചെയ്യുന്നു. ഭാരതത്തിലെ യുവാക്കളില്‍ സ്വാമിജിക്ക് അപാരമായ വിശ്വാസമുണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള അവരുടെ കഴിവില്‍ അദ്ദേഹം വിശ്വസിച്ചു. വിവേകാനന്ദജി യുവാക്കളെ വിശ്വസിച്ചതുപോലെ, താനും ഭാരതത്തിലെ യുവാക്കളുടെ ശക്തിയില്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 39 പേരുള്‍പ്പെടെ തെരഞ്ഞെടുത്ത മുവായിരത്തോളം യുവാക്കളാണ് പരിപാടിയില്‍ പങ്കെടുത്തത്. സ്ത്രീശാക്തീകരണം, കായികം, സംസ്‌കാരം, സ്റ്റാര്‍ട്ടപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രസന്റേഷനുകളും പ്രതിനിധികള്‍ പ്രധാനമന്ത്രി മുമ്പാകെ അവതരിപ്പിച്ചു.
യുവശക്തിയുടെ വിഷന്‍ ഫോര്‍ വികസിത ഭാരതം @ 2047 എന്ന പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍, സഹമന്ത്രിമാരായ ജയന്ത് ചൗധരി, രക്ഷാ ഖഡ്സെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: