ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്ന ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അംഗമായ എന്‍ഡിഎ മുന്നണി മത്സരത്തില്‍ നിന്നും വിട്ടു നില്ക്കും. ഒരേയൊരു ലക്ഷ്യം 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും അന്ന് ഡിഎംകെയെ അധികാരത്തില്‍ നിന്നും തൂത്തെറിയുമെന്നും ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു.
യുകെയില്‍ ഉപരിപഠനം കഴിഞ്ഞ് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈ ഇനി 2026ല്‍ ഡിഎംകെയെ തൂത്തെറിഞ്ഞ ശേഷമേ ചെരിപ്പിടൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഡിഎംകെയുടെ അഴിമതിയില്‍ മനംനൊന്ത് അന്ന് അദ്ദേഹം സ്വന്തം ദേഹത്തില്‍ ചാട്ടവാറുകൊണ്ടടിക്കുകയും ചെയ്തിരുന്നു. തമിഴ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. മാത്രമല്ല, ഒറ്റയ്ക്കുള്ള മത്സരമല്ല, വിശാലമായ മുന്നണി രൂപീകരിച്ച് തന്നെ ഡിഎംകെയെ മറച്ചിടാനാണ് പദ്ധതി.
ബിജെപിയ്ക്കൊപ്പം രാമദോസിന്റെ പട്ടാളി മക്കള്‍ കക്ഷിയുണ്ട്. അതിന് പുറമെ എ ഐഎ ഡിഎംകെയെ കൂടെ നിര്‍ത്തും. അതിന് പുറമെ നടന് വിജയുടെ പാര്‍ട്ടിയെക്കൂടി ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചുവരികാണ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി.
കോണ്‍ഗ്രസ് എംഎല്‍എ ഇവികെഎസ് ഇളങ്കോവന്റെ നിര്യാണത്തെതുടര്‍ന്നാണ് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെ അവരുടെ സ്ഥാനാര്‍ത്ഥിയായി വി.സി. ചന്ദിരകുമാറിനെ പ്രഖ്യാപിച്ചു. ന്യായമായ വോട്ടെടുപ്പ് നടത്താന്‍ ഭരണത്തിലിരിക്കുന്ന ഡിഎംകെ അനുവദിക്കില്ലെന്ന ന്യായം പറഞ്ഞ് എ ഐഎ ഡിഎംകെയും ഈ ഉപതെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള നീക്കം ഡിഎംകെയെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: