ന്യൂദല്‍ഹി: സൂരക്ഷാസേന മണിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ ഇലോണ്‍ മക്സിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ ലിങ്ക് ആന്റിനയും റൗട്ടറുകളും കണ്ടെത്തിയതില്‍ ആശങ്ക. പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ അടുത്തയാളും എക്സ് എന്ന സമൂഹമാധ്യമത്തിന്റെ ഉടമയുമായ ഇലോണ്‍ മസ്കും പൊതുവേ മോദി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെങ്കിലും സ്റ്റാര്‍ലിങ്ക് ആന്റിനയും റൗട്ടറുകളും കണ്ടെത്തിയതില്‍ പരക്കെ ആശങ്ക നിലനില്‍ക്കുകയാണ്.
മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലെ കെയ്റാവു ഖുനൂ പ്രദേശത്ത് നടത്തിയ തിരച്ചിലിനടയിലാണ് സുരക്ഷാ സേന സ്റ്റാര്‍ലിങ്ക് ആന്റിന പിടിച്ചെടുത്തത്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് എന്ന കമ്പനി ഇറക്കുന്നതാണ് സ്റ്റാര്‍ലിങ്ക് ആന്റിനയും റൗട്ടറുകളും. ഉപഗ്രഹം വഴി തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് സേവനം നല്കുന്ന കമ്പനിയാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്. ഇന്ത്യയില്‍ സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് ആന്റിനകളും റൗട്ടറുകളും ഉപയോഗിക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ല. മണിപ്പൂരില്‍ നിന്നു മാത്രമല്ല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നും മറ്റൊരു അന്വേഷണത്തില്‍ സ്റ്റാര്‍ലിങ്ക് ആന്റനിയും റൗട്ടറും അവിടുത്തെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മയക്കമരുന്ന് കടത്തുകാരില്‍ നിന്നാണ് സ്റ്റാര്‍ലിങ്ക് മിനി എന്ന ചുമന്നുകൊണ്ട് നടക്കാവുന്ന ആന്റിനയും അതിനാവശ്യമായ റൗട്ടറുകളും ആന്‍ഡമാന്‍ പൊലീസ് കണ്ടെത്തിയത്. ഇതു രണ്ടും ചേര്‍ന്നതോടെ കേന്ദ്രസര്‍ക്കാരിന് സ്റ്റാര്‍ലിങ്ക് ആന്റിന ഉപയോഗിക്കുന്നതിലെ സുരക്ഷാപ്രശ്നം തലവേദന സൃഷ്ടിക്കുന്നു.
എങ്ങിനെയാണ് മണിപ്പൂരിലെ തീവ്രവാദികളുടെ കയ്യില്‍ സ്റ്റാര്‍ലിങ്ക് ആന്റിനയും റൗട്ടറും ലഭിച്ചത് എന്നതിലാണ് ആശങ്ക. കലാപം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യാജവാര്‍ത്തകളും പ്രകോപനമുണ്ടാക്കുന്ന സന്ദേശങ്ങളും പ്രചരിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് നിരോധിക്കുക പതിവാണ്. അന്നേരം പരസ്പര ആശയവിനിമയത്തിനായിരിക്കണം തീവ്രവാദികള്‍ സ്റ്റാര്‍ലിങ്ക് ആന്റിനയും റൗട്ടറും ഉപയോഗിച്ചിരുന്നിരിക്കുക എന്ന് പറയപ്പെടുന്നു.
ഇതുവരെയും ഇന്ത്യയില്‍ സ്റ്റാര്‍ ലിങ്ക് ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെന്നാണ് ഇലോണ്‍ മസ്ക് അവകാശപ്പെടുന്നതെങ്കിലും എങ്ങിനെയാണ് സ്റ്റാര്‍ലിങ്ക് ആന്റിനയും റൗട്ടറുകളും വംശീയകലാപം നടക്കുന്ന മണിപ്പൂരില്‍ എത്തിയത് എന്നത് ആശങ്ക നിലനില്ക്കുന്നു. അതിനാല്‍ തല്ക്കാലം സ്റ്റാര്‍ ലിങ്കിന് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. ഇപ്പോള്‍ എയര്‍ടെല്‍ ഭാരതിയുടെ പിന്തുണയുള്ള വണ്‍ വെബ്, ജിയോയുടെ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നീ കമ്പനികള്‍ക്ക് മാത്രമേ ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളൂ. ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കും ആമസോണിന്റെ കൂയിപ്പറും ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അനുവാദം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: