കോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനും ധന്വന്തരി മഠത്തിന്റെ സ്ഥാപകനുമായ മാലക്കര ആലപ്പുറത്ത് കൊച്ചുരാമന് പിള്ള വൈദ്യന്റെ വീട്ടില്‍ നിന്ന് ആരംഭിച്ച പൈതൃക നടത്തം സാംസ്കാരിക പഠന ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്തു. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സിനിമാതാരം കൃഷ്ണപ്രസാദ്, അജയകുമാര്‍ വല്ലുഴത്തില്‍, പരിസ്ഥിതി പ്രവര്ത്തകന് ഡോ. മാത്യു കോശി, ഗോപകുമാര്‍ പുല്ലാട്, ഉണ്ണികൃഷ്ണന് കല്ലിശ്ശേരി, ശരത് പുന്നംതോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളിയോടങ്ങളുടെ ശില്പി ചങ്ങങ്കരി വേണു ആചാരിയെ മാലക്കര പള്ളിയോട പുരയിലെത്തി പൈതൃക നടത്തസംഘം ആദരിച്ചു. കുമ്മനം രാജശേഖരന് പൊന്നാട അണിയിച്ചു. തുടര്‍ന്ന് ശ്രീരാമകൃഷ്ണമിഷന്റെ കേരളത്തിലെ സ്ഥാപക ആചാര്യനായ സ്വാമി വിശദാനന്ദയുടെ ഭവനം സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തി. വിദ്യാഭ്യാസ വിചക്ഷണനും പത്മഭൂഷന്‍ പുരസ്കാരം നേടിയ സാംസ്കാരിക നായകനുമായ ഡോ. കെ.എം. ജോര്‍ജ്, കേരളത്തിലെ ആദ്യത്തെ മലയാള ശാസ്ത്ര ലേഖകനും ഗ്രന്ഥരചയിതാവുമായ ഡോ. കെ. ഭാസ്കരന് നായര്‍ എന്നിവരെ അനുസ്മരിച്ചു. തുടര്‍ന്ന് പദയാത്രാ സംഘം ആറന്മുള വിളക്കുമാടം കൊട്ടാരത്തില്‍ എത്തി.
കൊട്ടാരത്തില്‍ കെടാവിളക്കിനെ വണങ്ങി യാത്ര തുടങ്ങിയ സംഘം ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയും ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെയും ദൈവസ്നേഹം പകര്‍ന്ന സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെയും പണ്ഡിതനും ക്രിസ്തുമത നവോത്ഥാന നായകനുമായ മഹാകവി ഇടയാറന്മുള കെ.വി. സൈമണിന്റെ ഭവനത്തില്‍ എത്തി അദ്ദേഹത്തെ അനുസ്മരിച്ചു. തുടര്‍ന്ന് ആറന്മുള പൊന്നമ്മയുടെ തറവാട് വീടായ മാലേത്ത് ഭവനത്തില്‍ എത്തി. പുഷ്പാര്‍ച്ചന നടത്തി.
വീരമൃത്യു വരിച്ച വീരജവാന്മാരുടെ സ്മാരകത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സാമൂഹ്യ പരിഷ്കര്‍ത്താവായ കുറുമ്പന് ദൈവത്താനെയും അനുസ്മരിച്ച് സത്രക്കടവില്‍ എത്തിയ സംഘം തിരുവോണത്തോണി സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറന്മുള കണ്ണാടി നിര്‍മാണശാലയും ആറന്മുള കൊട്ടാരവും സന്ദര്‍ശിച്ച് പൈതൃക നടത്തം പദയാത്ര സുഗതകുമാരിയുടെ തറവാടായ വാഴുവേലില്‍ മുറ്റത്ത് സമാപിച്ചു.
സമാപന സമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ ഡോ. എം.എ. കബീര്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ബിജെപി ദേശീയ സമിതിയംഗം വിക്ടര്‍ ടി. തോമസ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, അഡ്വ. എം.എന്‍. ബാലകൃഷ്ണന് നായര്‍, പി.ആര്. ഷാജി, ജോസ് കോലത്ത്, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: