Career

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി ഒഴിവുകള്‍; പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

Published by

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in/notifications- ല്‍
ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 29 നകം
ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം, നേരിട്ടുളള നിയമനം

കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/സ്‌റ്റേറ്റ് ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍/എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികകളില്‍ നേരിട്ടുള്ള നിയമനത്തിന് കാറ്റഗറി നമ്പര്‍ 576/2024 പ്രകാരം പിഎസ്‌സി ഓണ്‍ലൈനായി ജനുവരി 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ശമ്പള നിരക്ക് 39300-83000 രൂപ. അപേക്ഷാഫീസില്ല.

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-36 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.

താഴ്ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥര്‍ക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് കാറ്റഗറി നമ്പര്‍ 577/2024 പ്രകാരം അപേക്ഷിക്കാവുന്നതാണ്. ബിരുദമുണ്ടായിരിക്കണം. പ്രായപരിധി 18-40 വയസ്. രണ്ട് വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചുവരുന്നവരാകണം. നേരിട്ടുള്ള നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയില്‍ 40% മാര്‍ക്കില്‍ കുറയാതെ നേടുന്നവരെ അഭിമുഖം നടത്തി പ്രത്യേക റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും.

സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി: (കാറ്റഗറി നമ്പര്‍ 510-512/2024): ശമ്പള നിരക്ക് 45600-95600 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. യോഗ്യത: ബിരുദം. വനിതകളെയും പരിഗണിക്കും. ശാരീരിക യോഗ്യതകള്‍- ഉയരം: പുരുഷന്മാര്‍ക്ക് 165.10 സെ.മീറ്റര്‍, എസ്‌സി/എസ്ടി 160.02 സെ.മീറ്റര്‍, നെഞ്ചളവ് 81.28 സെ.മീറ്റര്‍, വികാസശേഷി 5.08 സെ.മീറ്റര്‍; വനിതകള്‍- ഉയരം 160 സെ.മീറ്റര്‍, എസ്‌സി/എസ്ടി 155 സെ.മീറ്റര്‍. വൈകല്യങ്ങള്‍ പാ ടില്ല. പ്രായപരിധി 20-31 വയസ്. നിയമാനുസൃത വയസിളവ് ലഭിക്കും.

പോലീസിലെയും വിജിലന്‍സിലെയും ബിരുദക്കാരായ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഫിംഗര്‍പ്രിന്റ് എക്‌സ്‌പെര്‍ട്ട്/സെര്‍ച്ചര്‍/പോലീസ് കോണ്‍സ്റ്റബിള്‍/ഹെഡ് കോണ്‍സ്റ്റബിള്‍/സമാന തസ്തികകളില്‍ ജോലി നോക്കുന്ന മറ്റ് ജീവനക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 36 വയസ്.

ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 508, 509/2024), നേരിട്ടുള്ള നിയമനം. പ്രതീക്ഷിത ഒഴിവുകള്‍. ശമ്പള നിരക്ക് 45600-95600 രൂപ. യോഗ്യത: ബിരുദം. പ്രായപരിധി 20-31 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.

പോലീസ്, വിജിലന്‍സ് വകുപ്പുകളിലെ ബിരുദക്കാരായ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍/തത്തുല്യ റാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സ്റ്റാബുലറി കാറ്റഗറിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 20-36 വയസ്.

യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.keralapsc.gov.in/notifications- ല്‍ ലഭ്യമാണ്. ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക