Football

കലൂര്‍ സ്‌റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; നാളെ മത്സരം നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ആശങ്കയില്‍

Published by

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലായെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. നാളെ ഐഎസ്എലിലെ ഹോം മത്സരം നടക്കാനിരിക്കെയാണ് ക്ലബ്ബ് അധികൃതര്‍ കടുത്ത ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓരോ കളിക്കും മുന്നോടിയായി പതിവായി നടത്താറുള്ള ഗ്രൗണ്ട് പരിശോധനയ്‌ക്കിടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായി ഫുട്‌ബോള്‍ കോര്‍ട്ടിന്റെ മോശം അവസ്ഥ വ്യക്തമായത്. അടുത്തിടെ നടന്ന കായിക ഇതര പരിപാടിക്ക് ശേഷമാണ് ഈ സ്ഥിതിയിലായതെന്ന് അധികൃതര്‍ പേരെടുത്തു പറയാതെ അപകടത്തിലും വിവാദത്തിലുമായ മൃദംഗനാഥം പരിപാടിക്ക് വേദിയാക്കിയതില്‍ എതിര്‍പ്പ് അറിയിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണ് കലൂര്‍ സ്‌റ്റേഡിയം എന്ന് അഭിപ്രായപ്പെട്ട ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ ഇവിടെ നടന്ന കായിക ഇതര പരിപാടിക്ക് ശേഷമാണ് ഈ അവസ്ഥയിലായതെന്ന് പ്രസ്താവനയില്‍ അറിയിച്ചു. സാധാരണ കായിക ഇനങ്ങള്‍ സംഘടിപ്പിക്കുന്ന ഗ്രൗണ്ടുകളില്‍ കായിക ഇതര പരിപാടികള്‍ നടത്തുന്ന പതിവില്ല. ഇവിടെ അതിന് വിരുദ്ധമായി സംഭവിച്ചു.

കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.
വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല – ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പിച്ച് പൂര്‍ണമാസജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സിന്റെ പിച്ച് ടീം രാപ്പകല്‍ അധ്വാനിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by