Kerala

ഇനി അനശ്വര ഗാനങ്ങൾ മാത്രം; ഭാവഗായകന് വിട ചൊല്ലി കേരളം, പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നിത്യനിദ്ര

Published by

തൃശ്ശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്‌ക്ക് തീ കൊളുത്തി. കലാ സാഹിത്യ സിനിമ മേഖലയിലെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും തുടർന്ന് സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം ഉണ്ടായിരുന്നു.

നൂറുകണക്കിനാളുകള്‍ വസതിയില്‍ ജയചന്ദ്രനെ അവസാനമായി ഒരു നോക്കു കാണാനെത്തിയിരുന്നു. രണ്ടു മണിക്കൂറിന് ശേഷം വീട്ടില്‍ നിന്ന് സംഗീത നാടക അക്കാദമിയുടെ റീജണല്‍ തിയേറ്ററിലേക്ക് ഭൗതിക ദേഹം കൊണ്ടുപോയി. റീജണല്‍ തിയേറ്ററില്‍ 12 മണി വരെയാണ് പൊതുദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് മൂലം ഒരു മണിയോടെയാണ് പൂര്‍ത്തിയാക്കാനായത്.

സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും ജയചന്ദ്രന്റെ ഗാനങ്ങള്‍ നെഞ്ചേറ്റിയ സംഗീത പ്രേമികളും ആരാധകരും അടങ്ങുന്ന വന്‍ ജനാവലിയാണ് റീജണല്‍ തിയേറ്ററില്‍ അദ്ദേഹത്തിന് യാത്രാമൊഴി നേരാനെത്തിയത്. മന്ത്രിമാരായ ആര്‍. ബിന്ദു, കെ. രാജന്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ശ്രീകുമാരന്‍ തമ്പി, സത്യന്‍ അന്തിക്കാട്, കമല്‍, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖര്‍ എത്തി. എംഎല്‍എമാര്‍, എംപിമാര്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. നടന്‍ മമ്മൂട്ടി വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരിയംഗവും മുതിര്‍ന്ന പ്രചാരകനുമായ എസ്. സേതുമാധവന്‍, ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തപസ്യ കലാ സാഹിത്യവേദിക്ക് വേണ്ടി സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, ജന്മഭൂമിക്ക് വേണ്ടി തൃശ്ശൂര്‍ ബ്യൂറോ ചീഫ് ടി.എസ്. നീലാംബരന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

1944 മാര്‍ച്ച് മൂന്നിന് പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും മകനായ ജയചന്ദ്രന്റെ ബാല്യ കാലം പാലിയത്തെ ഈ തറവാട്ടിലായിരുന്നു. അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by