കിളിമാനൂർ : സ്‌കൂൾ ബസ് കയറി ഇറങ്ങി മരിച്ച രണ്ടാം ക്ലാസുകാരി കൃഷ്‌ണേന്ദു (7)വിന്റെ സംസ്കാരം ഇന്ന് നടക്കും. ബസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് ദാരുണാന്ത്യം ഉണ്ടായത്. കിളിമാനൂർ മടവൂർ ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മടവൂർ മഹാദേവ ക്ഷേത്രത്തിനു സമീപം പുളിമൂട് ചാലിൽ എംഎസ് ഭവനിൽ മണികണ്ഠൻ ശരണ്യ ദമ്പതികളുടെ മകൾ കൃഷ്‌ണേന്ദു ആണ് മരിച്ചത് .
ഇന്നലെ വൈകുന്നേരം സ്‌കൂൾ ബസിൽ വീടിനു മുന്നിൽ ഇറങ്ങിയ ശേഷം മുന്നിലേക്ക് നടന്നപ്പോൾ റോഡിൽ അലക്ഷ്യമായി ഇട്ടിരുന്ന കേബിളിൽ കുരുങ്ങി റോഡിലേക്ക് വീഴുകയും ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണേന്ദുവിൻറെ അച്ഛൻ കെഎസ്ആർടിസി ഡ്രൈവറാണ്. അമ്മ പ്രൊവിഷൻ സ്റ്റോറിലെ ജീവനക്കാരിയാണ്.
വീട്ടിൽ ആരും ഇല്ലായിരുന്നു. കൃഷ്‌ണേന്ദു ബസിറങ്ങി മുന്നിലേയ്‌ക്ക് നടന്ന് ഇവരുടെ വീടുനോട് ചേർന്നുള്ള ബന്ധു വീട്ടിലേയ്‌ക്ക് പോകുമ്പോൾ കാലിൽ കേബിൾ കുരുങ്ങി ബസിൻറെ അടിയിലേക്ക് വീഴുകയും ബസിൻറെ പിന്നിലെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
സഹോദരൻ മടവൂർ എൻ എസ്എസ് സ്‌കൂളിലെ ഹയർ സെക്കൻററി വിദ്യാർത്ഥി കൃഷ്ണനുണ്ണി .പള്ളിക്കൽ പോലീസ് കേസെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: