Kerala

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി, ഇനി ആവർത്തിക്കില്ലെന്ന് ബോബി കോടതിയിൽ

Published by

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂർ ഹൈക്കോടതിയില്‍ സമർപ്പിച്ച ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. അടിയന്തിരമായി ഹർജി കേൾക്കേണ്ട കാര്യമെന്തെന്ന് ചോദിച്ച കോടതി സർക്കാരിന്റെ അഭിപ്രായം കൂടി വരട്ടേയെന്നും പറഞ്ഞു.

പൊതുയിടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി വ്യക്തമാക്കി. അതേസമയം സമാനപരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ബോബിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണമടക്കം തേടേണ്ടതിനാല്‍ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.

ഹണി റോസിന്റെ പരാതി മാധ്യമങ്ങളിലൂടെ വേട്ടയാടാൻവേണ്ടിയുള്ളതാണെന്ന് അദ്ദേഹം ജാമ്യഹർജിയിൽ പറഞ്ഞു. ഈ ഉദ്ദേശത്തോടെയാണ് പരാതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തെക്കുറിച്ചാണ് അവർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ല. പരോപകാരിയും ബഹുമാനിക്കപ്പെടുന്ന വ്യവസായിയുമാണ് താനെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്. ബോബിയെ എത്രയും വേഗം പുറത്തിറക്കാനുള്ള നീക്കങ്ങളാണ് അഭിഭാഷകര്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by