ന്യൂദൽഹി:മഹാരാഷ്‌ട്രയില ബിജെപി അടക്കമുള്ള മഹായുതി സഖ്യത്തിന്റെ വിജയം ആർഎസ്എസിന്റെ തിരഞ്ഞെടുപ്പ് മാനേജ്മെൻ്റിന്റെ ഫലമാണെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിലെ വൈബി ചവാൻ സെൻ്ററിൽ നടക്കുന്ന എൻസിപിയുടെ പാർട്ടി കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ആസൂത്രണത്തിലൂടെ എല്ലാ വീടുകളിലും തിരഞ്ഞെടുപ്പ് സന്ദേശം എത്തിക്കാൻ സംഘത്തിന്റെയും ബിജെപിയുടെയും സംഘടന സംവിധാനം വിജയിച്ചതായി തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കവെ ശരദ് പവാർ പറഞ്ഞു. മഹായുതി സഖ്യത്തിന് ഇത്തരത്തിൽ ഒരു വിജയം ഉറപ്പാക്കിയതിന് ബിജെപിയെയും ആർഎസ്എസിനെയും ശരദ് പവാർ പ്രശംസിച്ചതായും എൻസിപി വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്‌ട്രാ രാഷ്‌ട്രീയത്തിൽ ചില അടിയൊഴുക്കുകൾ നടക്കുന്നതായുള്ള വാർത്തകൾക്കിടയിൽ ശരദ് പവാർ ആർഎസ്എസിനെ പുകഴ്‌ത്തിയത് വലിയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. എൻസിപിയിലെ ഇരു വിഭാഗങ്ങളും താമസിയാതെ ഒന്നിക്കുമെന്നാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ ദിവസം ശരദ് പവാറിന്റെ സഹോദരിയും അജിത് പവാറിൻ്റ അമ്മയുമായ ആശ തായ് പവാർ അമ്മാവനും മരുമകനും ഒന്നിക്കണമെന്നും അതിനായി പ്രത്യേകം പ്രാർത്ഥിച്ചിട്ടുണ്ടെന്നും ഒരു വിഷ്ണു ക്ഷേത്രത്തിന് പുറത്ത് വെച്ച് അവർ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: