കൊൽക്കത്ത: കേരളത്തിൽ സിവിൽസർവീസ് ഉദ്യോഗസ്ഥനായിരിക്കെ ഡോ.സി.വി ആനന്ദബോസ് രൂപകൽപ്പന ചെയ്ത ‘സ്പീഡ്’ ജനസമ്പർക്കപരിപാടിയുടെ മാതൃകയിൽ വംഗനാട്ടിൽ ഗവർണർ ആവിഷ്കരിച്ച ‘അമർ ഗ്രാം’ സംരംഭത്തിന് ആവേശകരമായ തുടക്കം .
കേരളത്തിൽ ഫയലിൽ നിന്ന് വയലിലേക്ക്,സ്പീഡ്, ഗ്രാമോത്സവം തുടങ്ങിയ ജനസമ്പർക്ക പരിപാടികളുടെ ഉപജ്ഞാതാവായ ജനപ്രിയ കളക്ടർ ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് രണ്ടാം വാർഷികത്തിൽ രൂപം നൽകിയ ‘അമർഗ്രാം’
കൊൽക്കത്തയിൽ നിന്ന് ഏതാണ്ട് നൂറു കിലോമീറ്റർ അകലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിലായിരുന്നു ദിവസം മുഴുവൻ നീണ്ട ഗ്രാമീണ ജനസമ്പർക്കപരിപാടിയുടെ തുടക്കം.
“ഗവർണർ എന്ന നിലയിൽ ഭരണഘടനയും നിയമവും സംരക്ഷിക്കുക, സംസ്ഥാനത്തെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമർപ്പിക്കുക”. എന്ന തന്റെ ‘ഇരട്ട പ്രതിജ്ഞ’, പരിപാടിയുടെ ഉദ്ഘാടനവേളയിൽ അദ്ദേഹം ആവർത്തിച്ചു.
ഉൾനാടൻ ഗ്രാമങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അനുഭവങ്ങൾ, പ്രതീക്ഷകൾ, പരാതികൾ, ആശങ്കകൾ എന്നിവ നേരിട്ട് മനസ്സിലാക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംവിധാനമൊരുക്കുകയുമാണ് അമർഗ്രാം സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആനന്ദ ബോസ് വ്യക്തമാക്കി. പ്രാദേശിക ജനപങ്കാളിത്തത്തോടെ അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) യാണ് ഗ്രാമോത്സവം ഏകോപിപ്പിച്ചത്.
മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ എന്നിവയ്‌ക്കൊപ്പം വീട്ടുപകരണങ്ങൾ, സാനിറ്ററി കിറ്റുകൾ, യുവാക്കൾക്കുള്ള സ്പോർട്സ് കിറ്റുകൾ, ആവശ്യക്കാർക്കുള്ള പുതപ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം തുടങ്ങിയവയുൾപ്പെടെ ഗ്രാമവാസികൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കൊപ്പം ഗുണഭോക്താക്കളായ 1,200-ലധികം ഗ്രാമീണരും ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ പങ്കെടുത്തു..
‘ജൻരാജ്ഭവ’ന്റെ ഭാഗമായി ഗവർണർ പദവിയുടെ ഒന്നാം വാർഷികത്തിൽ തുടക്കം കുറിച്ച ‘ആംനെ സാംനെ’ സംരംഭത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ ഗ്രാമസമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു “അമർ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെൽ” സ്ഥാപിച്ചിട്ടുണ്ട്.
ബാൻക്രയ്‌ക്കു പുറമേ, ഡോ.ആനന്ദബോസ് അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുകയും ബിഎസ്എഫിന്റെ ഫ്ലോട്ടിംഗ് ബോർഡർ ഔട്ട്പോസ്റ്റ് (ബിഒപി) നിരീക്ഷിക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സേവനനിഷ്ഠരായ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ധീരതയെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു.
സന്ദർശനത്തിന്റെയും അനുബന്ധ പരിപാടികളുടെയും സുഗമമായ നിർവ്വഹണം ഉറപ്പാക്കുന്നതിൽ സഹകരിച്ച ഇൻസ്പെക്ടർ ജനറൽ മനീന്ദർ, ഐപിഎസ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ തർണി കുമാർ, ബങ്ക്രയിലെ ഗ്രാമപ്രധാൻ പരിതോഷ് ബിശ്വാസ് എന്നിവരെയും ഗവർണർ അനുമോദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: