ഹൈദ്രാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല് മേടിലെ നിർമ്മലയാണ് മരിച്ചത്. നിർമ്മല ഉൾപ്പടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു.
നിർമല കർണാടക സ്വദേശിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളിയെന്ന് തിരിച്ചറിഞ്ഞത്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് ആളുകൾ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കൂപ്പൺ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകൾ തള്ളി കയറിയതാണ് അപകടകാരണമായത്. ജനുവരി പത്തിന് തിരുപ്പതിയിൽ നടക്കുന്ന വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്. സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: