തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 14 മുതൽ വിമാനത്താവളം പകല്‍ അടച്ചിടും. ജനുവരി 14-ന് തുടങ്ങി മാര്‍ച്ച് 29-വരെ നവീകരണം നടത്തുന്നത് .
ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വൈകീട്ട് ആറുമണി വരെയാണ് റണ്‍വേ അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ നേരങ്ങളില്‍ വന്നുപോകുന്ന വിമാന സര്‍വീസുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമങ്ങളെക്കുറിച്ച് അതത് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് വിവരം നല്‍കും.
റണ്‍വേയുടെ ഉപരിതലം പൂര്‍ണമായും മാറ്റി റീകാര്‍പ്പെറ്റിങ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളം പകല്‍ അടച്ചിടുന്നത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരം മതിയായ ഘര്‍ഷണം ഉറപ്പാക്കിയാണ് റണ്‍വേയുടെ പുനര്‍നിര്‍മാണം. 3374 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേയാണ് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളത്.
വിമാനമിറങ്ങുന്ന മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റണ്‍വേ (32) മുതല്‍ ഓള്‍സെയിന്റ്സ് ഭാഗം വരെയാണ് (റണ്‍വേ-14) പുനര്‍നിര്‍മിക്കുന്നത്. 2017-ലായിരുന്നു റണ്‍വേ അവസാനമായി നവീകരിച്ചത്. ഇതോടൊപ്പം എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനങ്ങളെ എല്‍ഇഡി ആക്കുമെന്നും അധികൃതര്‍ പറഞ്ഞു. പുതിയ സ്റ്റോപ്പ് ബാര്‍ ലൈറ്റും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: