India

വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറില്‍ തിക്കും തിരക്കും, തിരുപ്പതിയില്‍ 6 മരണം

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു

Published by

ഹൈദ്രാബാദ് :തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ വെളളിയാഴ്ചത്തെ വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനായി താഴെ തിരുപ്പതിയില്‍ സജ്ജമാക്കിയ കൗണ്ടറിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. ഇതില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. മരിച്ചവരില്‍ ഒരാള്‍ സേലം സ്വദേശിനി മല്ലികയാണെന്നാണ് വിവരം ്. അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തിരുപ്പതിയില്‍ തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായത്. തിരുമലയിലെ തിരുപ്പതി ക്ഷേത്ര പരിസരത്തെ കൗണ്ടറുകളില്‍ നിന്ന് കൂപ്പണ്‍ വിതരണം ചെയ്യുന്ന പതിവ് രീതി മാറ്റി ഇത്തവണ താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായാണ് കൗണ്ടറുകള്‍ സജ്ജമാക്കിത്. താഴെ തിരുപ്പതിയില്‍ വെച്ച് കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും രണ്ടിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മതിയായ പൊലീസ് ഇവിടെ ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ച വെളുപ്പിന് അഞ്ച് മണിയോടെയാണ് ദര്‍ശന കൂപ്പണ്‍ നല്‍കാനിരുന്നത്. ഇതിനായി ബുധനാഴ്ച രാത്രി തന്നെ ആയിരക്കണക്കിന് ഭക്തര്‍ ക്യൂ നില്‍ക്കുകയും തിരക്ക് നിയന്ത്രണം വിടുകയുമായിരുന്നു. കൂപ്പണ്‍ നല്‍കുന്നതിനായി 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്.

തിരക്കിനിടെ താഴെ വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെയാണ് മരണവും ഗുരുതര പരിക്കേല്‍ക്കുന്ന സാഹചര്യവും ഉണ്ടായത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക