ന്യൂഡൽഹി : ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനായി 14,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ . ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായാണ് നീക്കം. ഇ-വാഹനങ്ങളുടെ സാങ്കേതികവിദ്യക്കായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാങ്കേതികവിദ്യ, പവര്‍ ട്രെയിനുകള്‍, ചാര്‍ജിങ് സംവിധാനങ്ങള്‍ എന്നിവ പ്രദേശികമായി വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള അനുസന്ധന്‍ നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷനും (എ.എന്‍.ആര്‍.എഫ്). ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്ന് പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു.
ആദ്യ മൂന്ന് വര്‍ഷം ഇലക്ട്രിക് വാഹന ബാറ്ററിയുടെയും ഇതിന്റെ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുക. ചാര്‍ജിങ്ങ് സംവിധാനം ഉള്‍പ്പെടെയുള്ളവ ഭാവി പദ്ധതിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ പലതും ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, ഈ ഇറക്കുമതി പരമാവധി കുറയ്‌ക്കുന്നതിനുള്ള പദ്ധതികളാണ് എ.എന്‍.ആര്‍.എഫ്. ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക