ലഖ്‌നൗ: ആര്‍മി ക്യാപ്റ്റനായി വേഷമിട്ട് സ്ത്രീകളെ വശീകരിക്കുകയും തുടർന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത 40-കാരന്‍ ലഖ്നൗവില്‍ അറസ്റ്റിലായി. ഒഡീഷയിലെ ബാലസോർ ജില്ലയിൽ നിന്നുള്ള ഹൈദർ അലി, ആർമി മെഡിക്കൽ കോർപ്‌സിലെ ഓഫീസറായ ഹാർതിക് ബെഗ്ലോ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ബന്ധം ദൃഢമായ ശേഷം പല കാരണങ്ങള്‍ പറഞ്ഞ് അവരോട് പണം ചോദിക്കും. പണം കിട്ടിയാല്‍ എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് മാറി അടുത്ത ഇരയെ തേടുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ഇയാള്‍ ജോലി ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഖ്‌നൗവില്‍ നിന്നും പരിചയപ്പെട്ട ഒരു സ്ത്രീയിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലാവുന്നത്. നേരിട്ടുള്ള കണ്ടുമുട്ടലിനിടെ സംശയം തോന്നിയ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പുകള്‍ നടത്തി സമ്പാദിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഹൈദര്‍ അലി നയിച്ചിരുന്നത്. സൈനിക യൂണിഫോം, ത്രീസ്റ്റാര്‍ ഫ്‌ളാപ്‌സ്, സൈനിക ഉദ്യോഗസ്ഥരുടെ തൊപ്പി, വ്യാജ ആധാര്‍കാര്‍ഡ്, ആര്‍മി കാന്റീന്‍ കാര്‍ഡ് തുടങ്ങിയ നിരവധി വസ്തുക്കളും പോലീസ് ഹൈദര്‍ അലിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈദരബാദ്, കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിലെ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ഹൈദര്‍ അലി ജോലി ചെയ്തിരുന്നതായി കണ്ടെത്തി. ഇവിടങ്ങളിലെല്ലാം ഇയാള്‍ സ്ത്രീകളെ ലക്ഷ്യമിട്ട് ഇത്തരത്തില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നതായും യുപി പോലീസ് വ്യക്തമാക്കി.
‘Indiancammandoharik’, ‘armanbeglo’, ‘armybeglo’, ‘soldiers3889’ തുടങ്ങിയ പേരുകളില്‍ ഇയാള്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. ഇതില്‍ സൈനിക യൂണിഫോമിലുള്ള നിരവധി ചിത്രങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: