കണ്ണൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവും, കുട്ടികള്‍ക്ക് വിതരണം ചെയ്ത പാല്‍, മുട്ട എന്നിവയുടെ തുകയും മാസങ്ങളോളം കുടിശികയായതോടെ സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതി വീണ്ടും കടുത്ത പ്രതിസന്ധിയിലായി.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മുഴുവന്‍ പാചകച്ചെലവും, സപ്
തംബര്‍ മാസത്തെ കേന്ദ്രവിഹിതമായ 60 ശതമാനം തുകയുമാണ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ളത്. ഈ മാസങ്ങളില്‍ പാല്‍, മുട്ട എന്നിവയ്‌ക്ക് ചെലവായ തുകയും ലഭിക്കേണ്ടതുണ്ട്. കടമായി നല്‍കിയ സാധനങ്ങളുടെ തുക ഉടന്‍ കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ച മുതല്‍ സ്‌കൂളിലേയ്‌ക്ക് സാധനങ്ങള്‍ നല്‍കാന്‍ സാധിക്കില്ല എന്ന് പല കടക്കാരും പ്രധാനാദ്ധ്യാപകരെ അറിയിച്ചു.
പാല്‍ സൊസൈറ്റികളില്‍ നിന്ന് കടമായി പാല്‍ ലഭിക്കുന്നതും ഉടന്‍ നിലയ്‌ക്കും. പാചകച്ചെലവിന് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് ആറ് രൂപയും ആറ്, എഴ്, എട്ട് ക്ലാസുകള്‍ക്ക് 8.16 രൂപയുമാണ് ഒരു ദിവസം അനുവദിക്കുന്നത്.
ഇതുകൂടാതെ, സംസ്ഥാന പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരുലിറ്റര്‍ പാലിന് 52 രൂപയും ഒരു മുട്ടയ്‌ക്ക് ആറ് രൂപയും നല്‍കും. ജൂണ്‍ മാസം മുതലാണ് ഈ രീതിയില്‍ തുക അനുവദിച്ചത്. എന്നാല്‍ മുഴുവന്‍ തുകയും മാസങ്ങളോളം കുടിശ്ശികയായതോടെ ഇവരുടെ കടക്കെണി വര്‍ധിച്ചു. അക്കാദമിക വര്‍ഷത്തില്‍ രണ്ട് തവണയായി സ്‌കൂളുകളുടെ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി തുക നല്‍കണമെന്നും, ചെലവായ തുക അനുവദിക്കാന്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മുട്ട, പാല്‍ വിതരണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന കെപിപിഎച്ച്എയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്.
പാചകത്തൊഴിലാളികളുടെ വേതനവും നല്‍കിയില്ല. പാചകത്തൊഴിലാളികള്‍ക്ക് സപ്തംബറിലെ വേതനം ആയിരം രൂപ കുറച്ചാണ് അനുവദിച്ചത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേത് നല്‍കാന്‍ നടപടിയുമായില്ല. പ്രധാനാദ്ധ്യാപകര്‍ തങ്ങളുടെ കൈയില്‍ നിന്ന് അഡ്വാന്‍സായി നല്‍കിയ തുകയാണ് ഇപ്പോള്‍ അവര്‍ക്ക് ചെറിയ ആശ്വാസം.
ആഗസ്ത് വരെയുള്ള ഉച്ചഭക്ഷണം, മുട്ട, പാല്‍ വിതരണം എന്നിവയ്‌ക്കുള്ള ഫണ്ട് കോടതിയുടെ കര്‍ശന ഇടപെടല്‍ മൂലം സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയോ കണക്കുകള്‍ സമര്‍പ്പിക്കുകയോ ചെയ്യാത്തതിനാലാണ് കേന്ദ്രം തുക അനുവദിക്കാത്തത് എന്നറിയുന്നു.
കേന്ദ്രാവിഷ്‌കൃതമായ ഉച്ചഭക്ഷണ പദ്ധതി, പുതുച്ചേരി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേതുപോലെ മറ്റ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ ഏല്പിച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് സൂപ്പര്‍വിഷന്‍ ചുമതല മാത്രം നല്‍കി നടപ്പിലാക്കണം എന്നാണ് കെപിപിഎച്ച്എയുടെ മുഖ്യ ആവശ്യം.
അതുവഴി പ്രധാനാദ്ധ്യാപകര്‍ക്കും പദ്ധതിച്ചുമതലയുള്ള അധ്യാപകര്‍ക്കും അക്കാദമിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതയുമുണ്ടാകില്ല.
പണം അനുവദിക്കാന്‍ അടിയന്തര നടപടി വേണം: എന്‍ടിയു
സ്‌കൂള്‍ ഉച്ചഭക്ഷണ, പാല്‍, മുട്ട വിതരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ദേശീയ അധ്യാപകരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലേതുപോലെ, പദ്ധതി നടത്തിപ്പ് മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ച് അദ്ധ്യാപകരെ ഇതില്‍ നിന്ന് ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം നിമിത്തം ഈ പദ്ധതി പ്രധാനാദ്ധ്യാപകര്‍ക്ക് വലിയ ബാധ്യതയായി മാറിയെന്ന് പി.എസ്. ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക