രാജ്യത്തെ ഭീകര പ്രവര്‍ത്തനത്തിനെതിരെ എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തുന്ന രഹസ്യ നീക്കങ്ങളുടെ ശക്തിയും വ്യാപ്തിയും വ്യക്തമാക്കുന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനു വിദേശത്തുനിന്നു പണമെത്തിച്ചിരുന്ന 13,000 അക്കൗണ്ടുകളാണ് കണ്ടെത്തയത്. ദീര്‍ഘകാലമായി നടത്തിവന്ന ആസൂത്രിത നീക്കത്തിന്റെ ഫലമാണ് ഈ കണ്ടെത്തല്‍. തുടര്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍. ഇതില്‍ പതിനായിരത്തോളം അക്കൗണ്ടുകള്‍ മലയാളികളുടേതാണെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ആ അക്കൗണ്ടുകളുടെ ഉടമകള്‍ ഇനി രാജ്യത്തു കാലുകുത്തിയാല്‍ പിടിയിലാകും. ഭീകര പ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്രമാത്രം പിന്‍ബലം കിട്ടുന്നു എന്നതിന്റെ വ്യക്തമായ ചിത്രം അതിലുണ്ട്. ദേശീയ വീക്ഷണമുള്ളവരുടെ മനസ്സില്‍ സംശയമായും ഭീതിയായും നിലനിന്നിരുന്ന ഒരു കാര്യത്തിനു വ്യക്തത കൈവന്നിരിക്കുകയാണ് ഇതോടെ. ജനമനസ്സില്‍ നമ്മുടെ അന്വേഷണ ഏജന്‍സികളേക്കുറിച്ച് അഭിമാനവും ദേശസുരക്ഷയുടെ കാര്യത്തില്‍ ആത്മവിശ്വാസവും ജനിപ്പിക്കാന്‍ പോന്നതാണ് ഈ കണ്ടെത്തല്‍. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇതു നിര്‍ണായകമായി മാറിയേക്കാം.
അതിനപ്പുറം മറ്റു പല കാര്യങ്ങളിലേക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. ഭീകരവാദികള്‍ക്കും ഭീകര പ്രവര്‍ത്തനത്തിനും കേരളത്തില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നു വ്യക്തമായ സൂചനകളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴൊക്കെ അതിനെ നിഷേധിക്കാനാണ് ഇവിടത്തെ ഭരണപ്രതിപക്ഷ കക്ഷികള്‍ മത്സരിച്ചുകൊണ്ടിരുന്നത്. അതൊക്കെ തത്പര കക്ഷികള്‍ കെട്ടിച്ചമയ്ക്കുന്ന കഥകളാണെന്നായിരുന്നു വിശദീകരണം. സ്വന്തം സ്ഥാപിത താത്പര്യത്തിനായി, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പോലും മറച്ചുപിടിക്കുന്നവരാണ് കേരളത്തിലെ ഭരണമുന്നണിയിലേയും പ്രതിപക്ഷ മുന്നണിയിലേയും കക്ഷികളെന്നതിനും തെളിവാണ് ഈ സംഭവം. അന്വേഷണ ഏജന്‍സികളുടെ സുക്ഷ്മ ദൃഷ്ടിയെ വാചകക്കസര്‍ത്തുകൊണ്ടു മറയ്ക്കാനാവില്ലെന്ന്, അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പും ഇതിലുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു സ്വയം നടിക്കുന്നവര്‍ക്കൊന്നും ഈ സംഭവം വാര്‍ത്തയായി തോന്നാത്തത് അവരുടെ ദേശീയ ബോധത്തെക്കുറിച്ചു തന്നെ സംശയം ജനിപ്പിക്കുന്നു. അപ്പപ്പോഴത്തെ സ്വന്തം നിലനില്‍പ്പിനപ്പുറമുള്ള ചിന്തകളൊന്നും ഇവരെ ബാധിക്കുന്നില്ല. ആരെയൊക്കെയോ പേടിക്കുന്ന ഈ മാധ്യമങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം വായ്മൂടിക്കെട്ടുകയാണ്.
അതിരഹസ്യമായും സൂക്ഷ്മമായും നടത്തിയ മിന്നല്‍ റെയ്ഡ് വഴിയാണ് എന്‍ഐഎ കേരളത്തിലെ ഭീകരപ്രവര്‍ത്തനത്തിന്റെ അടിത്തറ ഇളക്കിയത്. ഓഫീസുകള്‍ മുദ്രവച്ചു. ഒട്ടേറെ നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്നായിരുന്നു സംഘടനയുടെ നിരോധനം. അന്നു പിടിയിലായവര്‍ ഇന്നും ജയിലില്‍ കഴിയുന്നു. അപ്രതീക്ഷിതമായി ഏറ്റ പ്രഹരത്തിനു ശേഷവും പ്രവര്‍ത്തനം മുന്‍പോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു പ്രവര്‍ത്തകര്‍. പേരുമാറ്റിയും ശൈലിമാറ്റിയും അവര്‍ അതിനു മാര്‍ഗം കണ്ടെത്താന്‍ ശ്രമിച്ചു. പലരൂപത്തിലും ഭാവത്തിലും സംഘടിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. അതിന്റെ ഭാഗമാണ് ആയിരക്കണക്കിനു അക്കൗണ്ടുകളിലൂടെ ഭീകര താവളങ്ങളിലേയ്ക്കു പണമൊഴുക്കിയത്. നിരോധിച്ചാലും തങ്ങള്‍ പ്രവര്‍ത്തനം തുടരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനേക്കാള്‍ കൃത്യമായിരുന്നു അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം. ഭീകര പ്രവര്‍ത്തന ശൃംഘലയും അതിന്റെ ധന സ്രോതസ്സുകളുമാണ് ഇപ്പോള്‍ എന്‍ഐഎയുടേയും ഇഡിയുടേയും നിരീക്ഷണ വലയില്‍ കുടുങ്ങിയിരിക്കുന്നത്. ഇനി എങ്ങനെ വലമുറുക്കണമെന്ന് അവര്‍ക്കു നന്നായി അറിയാം. ആര് എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും കാണേണ്ടത് തങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും എന്ന ശക്തമായ മുന്നറിയിപ്പാണ് എന്‍ഐഎയുടേത്. ആ മുന്നറിയിപ്പ് ഭീകരര്‍ക്കുമാത്രമല്ല. അവര്‍ക്കു തണലൊരുക്കുന്ന ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ക്കും കൂടിയുള്ളതാണ്. ഭീകരതയും വിവാദവും സൃഷ്ടിച്ച് മേധാവിത്വം നേടാമെന്ന ഭീകരരുടേയും ദേശവിരുദ്ധ ശക്തികളുടേയും പ്രതീക്ഷയ്ക്കേറ്റ കനത്ത അടിയായും ഇതിനെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: