Kerala

ഹണി റോസിന്റെ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം, പലരും കമന്‍റുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കി, യുട്യൂബ് ചാനലുകളും നിരീക്ഷണത്തിൽ

Published by

കൊച്ചി: സൈബര്‍ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നല്‍കിയ പരാതിയിൽ അന്വേഷണം പ്രത്യേക സംഘത്തിന്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും സംഘത്തിലുണ്ട്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പോലീസ് വ്യക്തമാക്കി.

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലായ ബോബി ചെമ്മണ്ണൂരിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടികൂടിയ ബോബിയെ കൊച്ചിയിലേക്ക് കൊണ്ടു വരികയാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയീണ് ചൊവ്വാഴ്ച‍ ബോബിക്കെതിരേ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഹണി നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്‍റുകൾ പരിശോധിക്കുകയാണെന്ന് സെൻട്രൽ ഇൻസ്പെക്റ്റർ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിനു പിന്നാലെ പലരും കമന്‍റുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പോലീസ് കണ്ടെത്തി. വ്യാജ ഐഡികളുടെ ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. ചില യുട്യൂബ് ചാനലുകളും നിരീക്ഷണത്തിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക