ബെംഗളൂരു: ചിക്കമഗളൂരുവിൽ ബുധനാഴ്ച ആറ് മാവോയിസ്റ്റുകൾ കീഴടങ്ങും. നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതായി ആറു പേരും സംസ്ഥാന സർക്കാരിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
നക്‌സൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജില്ലാ ഭരണകൂടം രൂപീകരിച്ച സമിതിയുടെ ശ്രമത്തിന്റെ ഫലമാണ് ഇവരുടെ കീഴടങ്ങൽ. സമിതി അംഗങ്ങൾ വനത്തിനുള്ളിൽ നക്‌സലുകളുമായി ചർച്ച നടത്തിയതിന് ശേഷമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്‌ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രമുഖ നേതാവ് മുണ്ട്ഗാരു ലത അടക്കം ഇന്ന് കീഴടങ്ങുന്നവരിലുണ്ട്. ഇതോടെ കർണാടകയിലെ ഒളിവിലുള്ള പ്രമുഖ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നിലെത്തിയെന്ന് പൊലീസ് പറഞ്ഞു. ലത മുണ്ട്ഗാരു – ശൃംഗേരി സ്വദേശി – 85 കേസുകൾ, സുന്ദരി കട്ടാരുലു – ബെൽത്തങ്കടി – 71 കേസുകൾ, വനജാക്ഷി, മുദിഗെരെ – 25 കേസുകൾ, മാരെപ്പ അരോട്ടി അഥവാ ജയണ്ണ, റായ്ചൂർ – 50 കേസുകൾ, കെ വസന്ത് – റാണിപ്പേട്ട് – തമിഴ്നാട് – 9 കേസുകൾ, ജിഷ – വയനാട് -18 കേസുകൾ എന്നിവരാണ് കീഴടങ്ങുന്നത്. മുൻ നക്സലുകൾ നൂർ സുൽഫിക്കർ, ശ്രീധർ, ശാന്തിഗാഗി നാഗരിക വേദികെ സമിതി, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ്, എസ്പി വിക്രം ആംതെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കീഴടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: