ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ നടന്‍ അല്ലു അര്‍ജുന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിച്ചത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാന്‍ ദില്‍ രാജുവും ഒപ്പമുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ എത്തുന്നതിനു മുമ്പ് വന്‍ സുരക്ഷ ക്രമീകരിച്ചിരുന്നു.
ശ്രീതേജിന്റെ അമ്മ രേവതി റിലീസ് ദിവസത്തെ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. പിന്നീട് ശ്രീതേജിന്റെ കുടുംബത്തിന് അല്ലു അര്‍ജുന്‍ ഒരു കോടി രൂപ നല്‍കി. ജനുവരി അഞ്ചിന് സന്ദര്‍ശനം നടത്താനിരുന്നത് പിന്നീട് റദ്ദാക്കുകയായിരുന്നു. സന്ദര്‍ശനം രഹസ്യമാക്കിവയ്‌ക്കണമെന്ന് രാംഗോപാല്‍പേട്ട് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യാമെന്ന് എസ്എച്ച്ഒ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അര്‍ജുനെത്തിയത്.
പുഷ്പ 2 വിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തിരുന്നു. ഡിസംബര്‍ 4നു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു സംഭവം. ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജും സാന്‍വിക്കും ഒപ്പമാണ് രേവതി, പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. സന്ധ്യാ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: