ന്യൂദല്‍ഹി: മാഗ്നസ് കാള്സന് മഹാനായ ചെസ് താരമാണ്. അഞ്ച് തവണ ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് കിരീടം നേടിയ ആള്. 2011 മുതല്‍ ലോക റേറ്റിംഗില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ നിലനിര്‍ത്തുന്ന താരം. കളിക്കാരന് എന്ന നിലയില്‍ തോല്‍വിയില്‍ നിന്നും തിരിച്ചുവന്ന് വിജയകിരീടം ചൂടാന്‍ കഴിവുള്ള താരമാണ്. ഉരുക്കിന്റെ ഇച്ഛാശക്തിയുള്ള താരമാണ് മാഗ്നസ് കാള്സന് എന്ന അജയ്യന്‍. ചെസ്സിലെ മൊസാര്‍ട്ട്.
ഇങ്ങിനെയെല്ലാമായ കാള്‍സനെ ചെസ് വേദികളില്‍ പിടിച്ചുനിര്‍ത്തി ഒന്നിച്ചു കൊണ്ടുപോകാനാണ് അന്താരാഷ്ട്ര ചെസ് ഫെഡറേഷന് എന്ന ഫിഡെ ശ്രമിക്കുന്നത്. കാരണം ചെസ്സില്‍ കാള്സന് ഫുട്ബാളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലെയാണ്. അത്രയ്ക്ക് പ്രശസ്തിയുടെ താരത്തിളക്കമുള്ള ചെസിലെ താരം.
ജീന്‍സ് ധരിച്ച് ചെസ് കളിക്കാന്‍ പാടില്ല, പകരം ഫോര്‍മല്‍ ധരിച്ച് കളിക്കാനെത്തണം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ അന്തരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ) അവരുടെ നിയമാവലിയില്‍ അച്ചടിച്ചിട്ടുണ്ട്. ഇത് അറിയാവുന്ന കാള്സന് ലോക റാപ്പിഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വേദിയില്‍ ജീന്‍ സ് ധരിച്ചെത്തി. അതോടെ എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും ഫിഡെ പിടിച്ച് പുറത്താക്കി. പക്ഷെ ലോക റാപ്പിഡില്‍ കഴിഞ്ഞ എത്രയോ വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യനായിരുന്ന കാള്സന് ഇക്കുറി തോറ്റു തൊപ്പിയിട്ടിരുന്നു. 12 റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്റില്‍ ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ കാള്സന് കിരീടം കിട്ടുകയില്ലെന്ന് ഉറപ്പായി. അതോടെ മുഖം രക്ഷിക്കാന്‍ അദ്ദേഹം എടുത്ത അടവാണ് ഈ ജീന്‍സ് വിവാദം എന്നാണ് ചെസ് നിരീക്ഷകര്‍ പറയുന്നത്. ലോക റാപിഡ് ചെസില്‍ ഇക്കുറി അഞ്ചാം റൗണ്ടില്‍ ബെലാറസ് ഗ്രാന്റ് മാസ്റ്ററായ ഡെനിസ് ലാസവികില്‍ നിന്നും മാഗ്നസ് കാള്സന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ കാള്സന് അഞ്ച് പോയിന്റേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ള കളിക്കാര്‍ അപ്പോള്‍ ഒമ്പത് പോയിന്റുകള്‍ വരെ നേടിയിരുന്നു. ഇതോടെ മാഗ്നസ് കാള്സന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഒരു വിവാദമുണ്ടാക്കി ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താക്കപ്പെടാന്‍ തന്നെയാണ് കാള്സന് ജീന്‍സ് ധരിച്ച് വന്നത്. എന്നിട്ടും തന്നെ പുറത്താക്കിയതിന് കാള്സന് ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെ പഴി പറ്ഞു. ഇന്ത്യന്‍ ചെസ്സിന്റെ വഴികാട്ടിയായ വ്യക്തിയാണ് വിശ്വനാഥന് ആനന്ദ്. ലോക ചെസ് ചാമ്പ്യന്‍ ഗുകേഷ്, പ്രജ്ഞാനന്ദ, വൈശാലി, നിഹാല്‍ സരിന് തുടങ്ങി ചെസ് പ്രതിഭകളെ വാര്‍ത്തെടുത്ത താരമാണ് ആനന്ദ്. ആ ആനന്ദിനെ കാള്സന് പരസ്യമായി ചീത്തവിളിച്ചു. വിശ്വനാഥന് ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. ജീന്‍സ് വിവാദത്തിന്റെ പേരില്‍ തന്നെ പുറത്താക്കിയ വിശ്വനാഥന് ആനന്ദ് തെറ്റായ തീരുമാനമാണ് എടുത്തതെന്നാണ് കാള്സന് കുറ്റപ്പെടുത്തിയത്. കാള്സനല്ലേ എന്ന് കരുതി വിശ്വനാഥന് ആനന്ദ് മൗനം പാലിച്ചു. ആനന്ദ് പക്കാ പ്രൊഫഷണലാണ്. ചെസ്സിനെ രക്ഷപ്പെടുത്തുക എന്നതാണ് തന്റെ ഈഗോയേക്കാള്‍ ആനന്ദിന് എന്നും പ്രധാന്യമുള്ളതായി കരുതിപ്പോന്നത്.
റാപ്പിഡ് ടൂര്‍ണ്ണമെന്റിന്റെ എട്ടാം റൗണ്ടില്‍ ഇറങ്ങിപ്പോയ കാള്സന് തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന ലോക ബ്ലിറ്റ്സ് ചെസില്‍ പങ്കെടുക്കാന്‍ വീണ്ടും എത്തി. അതും ജീന്‍സ് ധരിച്ച്. ഫിഡെ തന്നെ കാള്സന് ജീന്‍സ് ധരിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അതായത് ഫിഡെ സ്വന്തം നിയമം തന്നെ കാള്സന് വേണ്ടി വിഴുങ്ങി. കാള്സന് ഇത്രയ്ക്ക് ശക്തിമാനാകാന്‍ കാരണം അദ്ദേഹത്തിന്റെ പ്രതിഭയും ലോകം നല്കുന്ന ബഹുമാനവും തന്നെയാണ്. പരസ്യമായ ഒരു യുദ്ധം ഒഴിവാക്കാനാണ് ഫിഡെ അങ്ങിനെ വിട്ടുവീഴ്ച ചെയ്തത്. ലോക ബ്ലിറ്റ്സ് മത്സരത്തില്‍ കാള്‍സനും റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയും ഫൈനലില്‍ എത്തി. സാധാരണ ഗെയിമില്‍ ഇരുവരും സമനിലയില്‍ എത്തിതോടെ അതിവേഗ കളികളിലൂടെ ഒരാളെ വിജയിയായി പ്രഖ്യാപിക്കുകയാണ് ഫിഡെ ചെയ്യുക. എന്നാല്‍ പിന്നീടുള്ള വിജയിയെ കണ്ടെത്താനുള്ള കളികളില്‍ നമുക്ക് മനപൂര്‍പ്പം മത്സരം സമനിലയാക്കാം എന്ന് കാള്സന് ഇയാന്‍ നെപോമ്നിഷിയോട് പറയുന്നത് മൈക്ക് റെക്കോഡ് ചെയ്യുകയുണ്ടായി. ഇത് ലോകമറിഞ്ഞതോടെ കാള്‍സന്റെ സത്യസന്ധതയാണ് വീണുടഞ്ഞത്. അങ്ങിനെ ബ്ലിറ്റ്സില്‍ വിജയിയെ തീരുമാനിക്കേണ്ട അവസാന മൂന്ന് അതിവേഗ മത്സരത്തിലും കാള്‍സനും ഇയാന്‍ നെപോമ്നിഷിയും സമനിലയില്‍ പിരിഞ്ഞു. കാള്‍സനും ഇയാന്‍ നെപോമ്നിഷിയും ഒത്തുകളി നടത്തിയെന്നര്‍ത്ഥം. ഒടുവില്‍ കാള്സന് തന്നെ രണ്ടുപേര്‍ക്കും കിരീടം പങ്കുവെച്ചെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഫിഡെയുടെ ചരിത്രത്തില്‍ ഇന്നുവരെ ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഒരാള്‍ ജേതാവാകുന്നതുവരെ കളിക്കുക എന്നതാണ് ഫിഡെയുടെ നയം. ഇതിനെയും കാള്സന് അട്ടിമറിച്ചു. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി ലോക ബ്ലിറ്റ്സ് മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ രണ്ട് ചാമ്പ്യന്മാരുണ്ടായി- മാഗ്നസ് കാള്‍സനും ഇയാന്‍ നെപോമ്നിഷിയും.
രണ്ടാം ലോകമഹായുദ്ധം, ഗാരി കാസ്പറോവ്, ബോബി ഫിഷര്‍….
എന്താണ് കാള്‍സന്റെ ലക്ഷ്യം? അന്താരാഷ്ട്ര ചെസ് ഫെഡറേഷന് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു സംഘടനയാമെന്ന് വരുത്തിതീര്‍ക്കുക. എത്ര അപകടം പിടിച്ച കളിയാണ് കാള്സന് നടത്തുന്നത്. ഇത് തീക്കളിയാണ്. ഇതേ തീക്കളി പണ്ടൊരു പ്രതിഭാശാലിയായ ചെസ് താരം നടത്തിയിരുന്നു. ഗാരി കാസ്പറോവ് എന്ന റഷ്യന്‍ ജീനിയസ്. അന്നദ്ദേഹം ഫിഡെയെ വെല്ലുവിളിച്ച് ബദല്‍ സംഘടന തന്നെ ഉണ്ടാക്കി. പ്രൊഫഷണല്‍ ചെസ് അസോസിയേഷന്. ഗാരി കാസ്പറോവും ബ്രിട്ടന്റെ ഗ്രാന്റ് മാസ്റ്ററായ നിഗേല്‍ ഷോര്‍ട്ടും ചേര്‍ന്നാണ് 1993ല്‍ ഈ സംഘടന രൂപീകരിച്ചത്. ഫിഡെയുമായുണ്ടായ ചില വഴക്കുകളായിരുന്നു കാരണം. അതോടെ ഫിഡെ ഗാരി കാസ്പറോവിനെ പുറത്താക്കി. ഗാരി കാസ്പറോവിന്റെ ലോക ചെസ് കിരീടം ഫിഡെ തിരിച്ചെടുത്തു. ഗാരി കാസ്പറോവ് പ്രൊഫഷണല്‍ ചെസ് അസോസിയേഷന്റെ പേരില്‍ ലോക ചെസ് മത്സരം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഗാരി കാസ്പറോവിന് അധികദൂരം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹം പ്രൊഫഷണല്‍ ചെസ് അസോസിയേഷന് പിരിച്ചുവിട്ടു. മാനസികമായി തകര്‍ന്നു. ഏറെ നാള്‍ക്ക് ശേഷം പ്രായമേറിയ ഗാരി കാസ്പറോവ് ഇപ്പോള്‍ ഫിഡെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.
ഫിഡെ എന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന് 2024ല്‍ 100 വയസ്സ് പൂര്‍ത്തിയാക്കി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇതുവരെ എത്തിച്ചേര്‍ന്നത്. രണ്ടാം ലോകമഹായുദ്ധമായിരുന്നു ആദ്യത്തെ വെല്ലുവിളി. യുദ്ധംമൂലം ആരുടെ കയ്യിലും പണമില്ല. സ്പോണ്‍സര്‍ഷിപ്പില്ല. ദാരിദ്ര്യമാണെങ്ങും. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ചെസ് താരങ്ങളെ അയയ്ക്കാന്‍ പല രാഷ്ട്രങ്ങളുടെയും കയ്യില്‍ പണമില്ലാതായി. ഇതിന് പുറമെ സോവിയറ്റ് യൂണിയന് (ഇന്നത്തെ റഷ്യ) ഫിഡെയില്‍ അംഗമകാന്‍ വിസമ്മതിക്കുകയും ചെയ്തു. ചെസിന് ഏറെ പ്രാധാന്യം നല്കുന്ന റഷ്യന്‍ താരങ്ങളുടെ അഭാവം ഫിഡെയെ ഉലച്ചു. എന്നാല്‍ ഇതിനെ ഫിഡെ അതിജീവിച്ചു.
മറ്റൊരു പ്രതിസന്ധി ഉണ്ടായത് ബോബി ഫിഷര്‍ എന്ന അമേരിക്കന്‍ ചെസ് ചാമ്പ്യനുമായുണ്ടായ ഏറ്റുമുട്ടല്‍ ആയിരുന്നു. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്ന രീതിയോടും കളിക്കാരെ തെരഞ്ഞെടുക്കുന്ന രീതിയോടും ഫിഡെയുടെ നിയമങ്ങളോടും ഫിഷര്‍ കലഹിച്ചു. എന്നാല്‍ ഫിഡെ അതിനെയും അതിജീവിച്ചു.
പണക്കൊതിയനോ മാഗ്നസ് കാള്സന്?
ഫിഡെയെ വെല്ലുവിളിച്ച് കാള്സന് ഒരു പുതിയ ചെസ് പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ഫ്രീസ്റ്റൈല്‍ ചെസ് എന്നാണ് അതിനെ പേരിട്ടിരിക്കുന്നത്. ഫിഡെയ്ക്ക് പുറത്ത് മാഗ്നസ് കാള്സന് ഇപ്പോള്‍ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുകയാണ്. നല്ല വരുമാനമുണ്ടാക്കാന്‍ പറ്റിയ ബിസിനസാണ്. ഫിഡെ ഉള്ളപ്പോള്‍ എന്തിനാണ് അതിന് പുറത്ത് ചെസ് മത്സരം എന്നതാണ് ഫിഡെയുടെ ചോദ്യം. മാഗ്നസ് കാള്‍സനൊപ്പം നകാമുറയും ഫ്രീസ്റ്റൈല്‍ ചെസ് വക്താവായി കൂടെയുണ്ട്. ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്റ് സ്ലാം ടൂര്‍ എന്ന പേരില്‍ 2025ല്‍ മാഗ്നസ് കാള്സന് അഞ്ച് നഗരങ്ങളിലായി ഒരു ചെസ് ടൂര്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കളിക്കുന്നതില്‍ നിന്നും ഗ്രാന്റ് മാസ്റ്റര്‍മാരെ ഫിഡെ വിലക്കുന്നു എന്ന ആരോപണമാണ് കാള്‍സനും നകാമുറയും ഉന്നയിക്കുന്നത്.
1996ല്‍ ബോബി ഫിഷര്‍ പ്രചാരത്തിലാക്കിയ ചെസ് മത്സരരീതിയാണ് ഫ്രീസ്റ്റൈല്‍ ചെസ്. സാധാരണ ചെസ്സില്‍ കൃത്യതയോടെയാണ് കരുക്കള്‍ നിരത്തുക. രണ്ട് തേരുകള്‍ (റൂക്ക്) രണ്ടറ്റത്ത്. അതിന് ഉള്ളില്‍ കുതിര (നൈറ്റ്), അതിനുള്ളില്‍ ആന (ബിഷപ്പ്), അതിനുള്ളില്‍ രാജ്ഞിയും രാജാവും. പ്രധാനകരുക്കള്‍ ഈ രീതിയില്‍ ചെസ് ബോര്‍ഡിന്റെ ഏറ്റവും പിന്നിലെ കള്ളികളില്‍ നിരത്തിക്കഴിഞ്ഞാല്‍, അതിന് തൊട്ടുമുന്പിലുള്ള കള്ളികളില്‍ കാലാളുകളെയാണ് നിരത്തുക. എന്നാല്‍ ഫ്രീ സ്റ്റൈല്‍ ചെസില്‍ ഏറ്റവും പിന്നിലെ ആന, കുതിര, തേര്, രാജ്ഞി, രാജാവ് എന്നിവയെ തോന്നുന്ന രീതിയിലാണ് അടുക്കിവെയ്ക്കുക. എന്നിട്ട് കളി തുടങ്ങും. ഇത് കളിക്കാരുടെ ഭാവനയെ കൂടുതല്‍ വികസിപ്പിക്കുമെന്നാണ് കരുതുന്നത്.
മാത്രമല്ല, നിലവില്‍ പുസ്തകങ്ങളില്‍ എഴുതപ്പെട്ട ചെസ് ഓപ്പണിംഗുകളൊന്നും ഫ്രീസ്റ്റൈല്‍ ചെസില്‍ ഫലിക്കില്ല. അതായത് പഠിച്ചതെല്ലാം കളിക്കാര്‍ മറക്കേണ്ടിവരും. എന്നിട്ട് പുതിയ മനസ്സോടെ അവര്‍ കളിക്കേണ്ടതായി വരും. പോരാട്ടത്തിനിടയില്‍ കളിക്കാര്‍ പുതിയ വഴികള്‍ തേടി അലയേണ്ടി വരും. പ്രധാന കരുക്കള്‍ പല രീതികളില്‍ അടുക്കിയാല്‍ ഏകദേശം 960 പൊസിഷനുകളില്‍ കളി തുടങ്ങാന്‍ കഴിയുമെന്നതാണ് പ്രത്യേകത. പക്ഷെ ആനയും കാലാളും തേരും കുതിരയും എല്ലാം പഴയ രീതിയില്‍ തന്നെയാണ് നീങ്ങുക.
എന്താണ് ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്റ് സ്ലാം ടൂര്‍ ?
മാഗ്നസ് കാള്സന് 2025ല്‍ സംഘടിപ്പിക്കുന്ന ചെസ് മത്സരമാണ് ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്റ് സ്ലാം ടൂര്‍. ജര്‍മ്മനിയുടെ ജാന്‍ ഹെന്റിക് ബുവെറ്റനറും ഇതിന് പിന്നില്‍ സംഘാടകനായുണ്ട്. വെയ് സന് ഹോസ്, പാരിസ്, ന്യൂയോര്‍ക്ക്, ദല്‍ഹി, കേപ് ടൗണ്‍ എന്നീ അഞ്ച് നഗരങ്ങളിലായാണ് ഈ ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്റ് സ്ലാം ടൂര്‍ നടക്കുക. അഞ്ച് ചെസ് മത്സരങ്ങള്‍. മികച്ച റേറ്റിംഗ് ഉള്ള പരമാവധി ഗ്രാന്റ് മാസ്റ്റര്‍ മാരെ ഈ ടൂര്‍ണ്ണമെന്റില്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കാള്സന്. കഴിഞ്ഞ വര്‍ഷത്തെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്റില്‍ ഒടുവില്‍ കാള്സന് ആണ് ചാമ്പ്യനായത്. 2025 ഫെബ്രുവരിയിലാണ് പുതിയ ചെസ് ടൂര്‍ ആരംഭിക്കുക.
ഫ്രീസ്റ്റൈല്‍ ചെസ്സില്‍ പങ്കെടുക്കുന്ന കളിക്കാരെ ലോക ചെസ് മത്സരത്തില്‍ നിന്നും വിലക്കുമെന്ന് ഫിഡെ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണമാണ് കാള്‍സനും ഹികാരു നകാമുറയും ഉയര്‍ത്തുന്നത്. കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ താന്‍ ലോകകപ്പ് വേണ്ടെന്ന് വെച്ച് ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്റിന് ഒപ്പം ചേരുമെന്നും ഹികാരു നകാമുറ ഫിഡെയോട് ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇനി ഫിഡെയോട് കലഹിച്ച് മാഗ്നസ് കാള്‍സനും ഹികാരു നകാമുറയും ഫ്രീസ്റ്റൈല്‍ ചെസ്സിന് ഒപ്പം ചേര്‍ന്നാല്‍ അത് 1993ല്‍ ഗാരി കാസ്പറോവ് ഫിഡെയ്ക്ക് എതിരെ നടത്തിയ യുദ്ധം പോലെയാകും. ഒരിയ്ക്കല്‍ കൂടി ചെസ് ലോകം പൊട്ടിത്തെറിക്കും. ചെസ് കളിക്കാര്‍ രണ്ട് പക്ഷത്തിലായി പകുക്കപ്പെടും. അത് ദുഖകരമാണ്.
ഫ്രീസ്റ്റൈല്‍ ഗ്രാന്റ് സ്ലാം ചെസ് ടൂറിന്റെ ഭാഗമായുള്ള ആദ്യ മത്സരം ജര്‍മ്മനിയിലെ വെയ് സന് ഹോസില്‍ നടക്കും. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെയാണ് മത്സരം. മാഗ്നസ് കാള്സന്, വിശ്വനാഥന് ആനന്ദ്, ഗുകേഷ്, ഫാബിയാനോ കരുവാന, ഹികാരു നകാമുറ, നോഡിര്‍ബെക് അബ്ദുസത്തൊറോവ്, അലിറെസ ഫിറൂഷ, വിന്‍സന്റെ കെയ്മര്‍, ലെവോന്‍ ആരോണിയോന്‍ എന്നിങ്ങനെ ഒമ്പത് താരങ്ങള്‍ ആയിക്കഴിഞ്ഞു. പത്താമത്തെ താരത്തെ പിന്നീട് പ്രഖ്യാപിക്കും.
തനിക്ക് ഇനി കൂടുതല്‍ ഫ്രീസ്റ്റൈല്‍ ചെസ് കളിക്കണമെന്നാണ് മാഗ്നസ് കാള്‍സന്റെ വാദം. ചെസിനെ ആധുനികമാക്കാനും കൂടുതല്‍ പേരെ ചെസ്സിലേക്ക് ആകര്‍ഷിക്കാനും ഫ്രീസ്റ്റൈല്‍ ചെസ് വഴി സാധിക്കും എന്ന അഭിപ്രായക്കാരനാണ് മാഗ്നസ് കാള്സന്. ഒപ്പം കാള്സന് പണമുണ്ടാക്കുകയും ചെയ്യാം.. ജര്‍മ്മനിയില്‍ നടക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റിന്റെ പ്രൈസ് മണി 40 ലക്ഷം ഡോളര്‍ ആണ്. ഇത് കളിക്കാരെ തീര്‍ച്ചയായും ഇതിലേക്ക് ആകര്‍ഷിക്കും. മാഗ്നസ് കാള്സന് കളിക്കാരന് എന്ന രീതിയില്‍ മാത്രമല്ല, സംഘാടകന്‍ എന്ന നിലയിലും പണമുണ്ടാക്കും. എന്തായാലും കാള്‍സന്റെ കളി കാത്തിരുന്നു കാണാം. പണ്ട് 1993ല്‍ ഫിഡെയെ വെല്ലുവിളിച്ച ഗാരി കാസ്പറോവ് 2006ലാണ് തോല്‍വി സമ്മതിച്ച് ഒതുങ്ങിയത്. കാള്സന് ഫിഡെയ്ക്കെതിരെ എത്ര കാലം പിടിച്ച് നില്ക്കാനാകും?ഫിഡെയും ഫ്രീസ്റ്റൈല്‍ ചെസും രണ്ട് അധികാരകേന്ദ്രങ്ങളായി മാറുമോ? കാള്സന് ഫിഡെയോട് പോരടിച്ച് വിജയിക്കാനാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: