കോട്ടയം: കുട്ടിക്കാനത്തിനു സമീപം നാലുപേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി പ്രതിരോധത്തിലായി. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം സര്‍വീസ് നടത്തിയ സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഈ ബസ്സിന് എട്ടു വര്‍ഷവും 9 മാസവും പഴക്കമുള്ളതാണെന്ന വിവരം പുറത്തുവന്നു . നേരത്തെ അഞ്ചുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസ്സുകളായിരുന്നു ഫാസ്റ്റ് പാസഞ്ചറായി പോലും ഉപയോഗിച്ചിരുന്നത്.നിലവില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റായി പോലും ഓടിക്കുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. താരതമ്യേന പുതിയ ബസ്സുകള്‍ മാത്രമണ് സൂപ്പര്‍ ഡീലക്‌സ് കാറ്റഗറിയില്‍ ഓടിച്ചിരുന്നത്.
മാവേലിക്കരയില്‍ നിന്ന് മധുര വരെയുള്ള സുദീര്‍ഘ യാത്രയില്‍ ഇത്രയും പഴക്കമുള്ള ബസ് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിച്ചതാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് ഡ്രൈവര്‍ അപകടത്തിന് കാരണമായി പറയുന്നത്. എന്നാല്‍ അതു ശരിയല്ലെന്ന വാദവുമായി കെ. എസ്. ആര്‍.ടിസി രംഗത്തുവന്നിട്ടുണ്ട്. ബസിന്‌റെ ഫിറ്റ്‌നെസ് ആണ് അപകടത്തിനു കാരണമെന്നു വന്നാല്‍ അത് ബജറ്റ് ടൂറിസം പദ്ധതിക്കു തന്നെ പാരയാകുമെന്നതിനാലാണ് ഈ വാദമെന്നാണ് ആരോപണമുയരുന്നത്.
സിഫ്റ്റ് വിഭാഗത്തില്‍ അല്ലാതെ പത്തുവര്‍ഷത്തോളമായി റെഗുലര്‍ സര്‍വീസിനായി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ല എന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ദീര്‍ഘദൂര യാത്രയ്‌ക്കായി പഴയ ബസ്സുകള്‍ ഉപയോഗിക്കുന്നു എന്നതു മാത്രമല്ല ഇതിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. പല ഡിപ്പോകളിലും ആവശ്യത്തിന് മെക്കാനിക്കുകള്‍ ഇല്ലെന്നത് കെഎസ്ആര്‍ടിസി തന്നെ സമ്മതിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: