കൊച്ചി:അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐടി ആക്ടും ചുമത്തി.ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുളളത്.
ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂര്‍ ആലക്കോട്ടെ ജ്വല്ലറി ഉദ്ഘാടനത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. നടി കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കുമെതിരെ നടി നേരത്തെ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബര്‍ അധിക്ഷേപം ഉണ്ടായി.
തുടര്‍ന്ന് നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യപരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല.
പിന്നീടാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി നടി രംഗത്ത് വന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നതെന്നും തനിക്കെതിരെ ഇപ്പോള്‍ പരാതിയുമായി വരാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: