മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തന്റെ വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളിട്ട് നടന്‍ സല്‍മാന്‍ ഖാന്‍.. മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്സി അപാര്‍ട്മെന്‍റാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഇട്ട് പുതുക്കിപ്പണിതത്.
#SalmanKhan's house Galaxy apartment becomes bulletproof, amid the threats😳#pinkvilla pic.twitter.com/5sMNUF4YM8
— Pinkvilla (@pinkvilla) January 7, 2025
ഇപ്പോള്‍ വീടിന്റെ ജനാലകള്‍ക്ക് എല്ലാം ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ്. തെളിഞ്ഞ ചിത്രം പിടിച്ചെടുക്കാന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സുരക്ഷാസംവിധാനം കര്‍ശനമാക്കി. ആരാധകരെ നോക്കി കൈവീശിക്കാണിക്കാറുള്ള ബാല്‍ക്കണിയിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇട്ടിട്ടുണ്ട്.
വീടിന് മുന്‍പില്‍ അക്രമികള്‍ വെടിവെച്ച സംഭവത്തിന് എട്ട് മാസത്തിന് ശേഷമാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും സിസിടിവി ക്യാമറകളും വെച്ച് വീട് പുതുക്കിയത്. ലോറന്‍സ് ബിഷ്ണോയി എന്ന അധോലോകനായകന്റെ സംഘത്തിലുള്ളവരാണ് അന്ന് വെടിവെച്ചതെന്നാണ് കരുതുന്നത്.
മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ വധിച്ചത് ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ്. അതോടെയാണ് സല്‍മാന്‍ ഖാനും വധഭീഷണിയെ കൂടുതല്‍ ഗൗരവത്തോടെ കണ്ടുതുടങ്ങിയത്.
ബാന്ദ്രയില്‍ മകന്‍ സീഷന്റെ വീടിന് മുന്‍പില്‍ വെച്ചാണ് ബാബാ സിദ്ദിഖിയെ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച് കൊന്നത്. ഈ കേസില്‍ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോളിനെയും യുഎസില്‍ അറസ്റ്റ് ചെയ്തിരുന്നു. സല്‍മാന്‍ഖാനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയിലാണ് ബാബാ സിദ്ദിഖിയെ ലോറന്‍സ് ബിഷ്ണോയി സംഘം വധിച്ചതെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.
ഇതിനിടെ വധഭീഷണി ഒഴിവാക്കിത്തരാമെന്നും അതിന് രണ്ട് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് അജ്ഞാതഫോണ്‍ സല്‍മാന്‍ ഖാനെ തേടി എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജകോള്‍ ആണെന്ന് മുംബൈ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സല്‍മാനെതിരെ വധഭീഷണി എന്തിന്?
1998ലാണ് സല്‍മാന്‍ ഖാന്‍ വേട്ടയാടി കൃഷ്ണമൃഗത്തെ വെടിവെച്ച് കൊന്നത്. അന്ന് ബാലനായിരുന്നു ലോറന്‍സ് ബിഷ്ണോയി. ബിഷ്ണോയി എന്ന ഹിന്ദുസമുദായത്തിന് വിശുദ്ധമൃഗമാണ് കൃഷ്ണമൃഗം. ഇതിനുള്ള പ്രതികാരമായാണ് സല്‍മാന്‍ഖാനെ വധിക്കുമെന്ന് ലോറന്‍സ് ബിഷ്ണോയി ഭീഷണിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: