ന്യൂദൽഹി : തെരഞ്ഞെടുപ്പ് പ്രക്രിയയോട് പാർട്ടി എപ്പോഴും ബഹുമാനം കാണിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
‘തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ബിജെപി എന്നും ബഹുമാനിക്കുന്നു. ദൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിൽ നിന്ന് സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നു”- ചുഗ് പറഞ്ഞു. കെജ്‌രിവാൾ ദൽഹിയെ 50 വർഷത്തേക്ക് പിന്നോട്ട് തള്ളിയിരിക്കുകയാണ്. ‘കെജ്‌രിവാൾ സാഹാബ് ബൈ-ബൈ’ എന്ന് പൊതുജനം ആവർത്തിച്ച് ആക്രോശിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ദൽഹിയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഗ്രഹം നൽകുമെന്ന് വിശ്വാസമുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദൽഹിയിലെ ജനങ്ങൾ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ദൽഹിയിലെ ജനങ്ങൾക്ക് ഇഷ്ടമുള്ള സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുവെന്ന് ബിജെപി നേതാവ് നളിൻ കോഹ്‌ലി പറഞ്ഞു. അവർക്ക് മുന്നിൽ പരാജയപ്പെട്ട വാഗ്ദാനങ്ങളുടെയും, നടപ്പാക്കാത്ത വലിയ വാഗ്ദാനങ്ങളുടെയും, അഴിമതികളുടെയും മാതൃകയാണ് ആം ആദ്മി പാർട്ടി. മറുവശത്ത് പ്രധാനമന്ത്രിയും സർക്കാരും വാഗ്ദാനം ചെയ്തതും പ്രാവർത്തികമാക്കുന്നതുമായ ഒരു പുതിയ ഇന്ത്യയുടെ വികസന മാതൃകയാണ് ജനങ്ങൾക്ക് മുന്നിൽ വച്ചിരിക്കുന്നതെന്നും നളിൻ കോഹ്‌ലി കൂട്ടിച്ചേർത്തു.
അതേസമയം ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: