തിരുവനന്തപുരം: താന്‍ അനുകരിച്ച പക്ഷികളെല്ലാം ഇരുട്ടുവീണാല്‍ സ്വന്തം കൂട്ടിലേക്ക് ചേക്കേറുമ്പോള്‍ നയന മണികണ്ഠന്‍ നോക്കിനില്‍ക്കും. വിതയ്‌ക്കുകയും കൊയ്യുകയും ചെയ്യാത്ത പറവകള്‍ക്കുപോലും രാത്രിയില്‍ സമാധാനമായന്തിയുറങ്ങാന്‍ ഒരിടമുണ്ട്. പറവകള്‍ ചേക്കേറുമ്പോള്‍ പ്ലസ് വണ്‍കാരിയായ നയനമണികണ്ഠനും ചേച്ചി പ്ലസ്ടു വിദ്യാര്‍ത്ഥിയായ നന്ദനാമണികണ്ഠനും സ്വപ്‌നം കാണും. തങ്ങള്‍ക്കും ഒരുനാള്‍ ഒരു വീടുണ്ടാകും. സമാധാനത്തോടെയും സുരക്ഷിതമായും കിടന്നുറങ്ങാന്‍.
ഇരിങ്ങാലക്കൂട കൊടകര ആനന്ദപുരത്ത് അരീക്കര എന്ന് പേരിട്ടിരിക്കുന്ന ടാര്‍പ്പോളിന്‍ മറയാണ് ഇവരുടെ വീട്. അച്ഛന്‍ നാലുവര്‍ഷം മുമ്പ് രോഗബാധിതനായി മരിച്ചു. അമ്മയാണ് തയ്യല്‍ ജോലിയെടുത്ത് രണ്ട് മക്കളെയും പഠിപ്പിക്കുന്നത്. സ്വന്തമായി ശൗചാലയംപോലും ഇല്ല. ഇരുട്ടുവീഴുമ്പോള്‍ അമ്മ പ്രീതിക്ക് വേവലാതിയാണ്. തനിക്കും മക്കള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങണം. അതിനായി അവരെ അമ്മൂമ്മയുടെ വീട്ടിലേക്കെത്തിക്കണം. പുലരുമ്പോള്‍ ടാര്‍പ്പോളിന്‍ പുരയിലേക്ക് തിരിച്ചെത്തും.
തൃശ്ശൂര്‍ നന്ദിക്കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മിമിക്രിയില്‍ എ ഗ്രേഡ് നേടിയ നയന മണികണ്ഠന്‍. ഇന്നലെ നടന്ന മത്സരത്തില്‍ അനുകരണത്തിലെ ശബ്ദ സൂക്ഷ്മതയ്‌ക്ക് സദസില്‍ നിന്ന് നിറഞ്ഞ കൈയടി നേടി. പക്ഷികളെയും മൃഗങ്ങളെയും സ്‌നേഹിക്കുന്ന, അവയുടെ ശബ്ദം അനുകരിക്കുന്ന നയന മണികണ്ഠന് പഠിച്ച് വെറ്ററിനറി ഡോക്ടറാകാനാണ് ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: