തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ മുന്നോടിയായി നടക്കുന്ന ‘വിഴിഞ്ഞം കോണ്‍ക്ലേവ് 2025’ല്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരത്ത് കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനുവരി 28, 29 തിയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അന്‍പതിലധികം നിക്ഷേപകരും പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖാനുബന്ധ വ്യവസായങ്ങള്‍ക്കൊപ്പംതന്നെ മറ്റ് മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോണ്‍ക്ലേവിലൂടെ സാധിക്കും.
ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്ഐഡിസി, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക