ന്യൂദെൽഹി: ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ച് കർണാടക ആരോഗ്യ വകുപ്പ്. ബംഗളുരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ആണ് വൈറസ് ബാധ. നിലവിൽ ആശങ്കയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ബ്രുഹത് ബംഗളുരു മഹാനഗര പാലിക ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജനുവരി രണ്ടിനാണ് കുഞ്ഞിന്റെ സാമ്പിൾ ശേഖരിച്ചതെന്നാണ് ലാബോറട്ടറി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുഞ്ഞിനും കുടുംബത്തിനും സമീപകാല വിദേശ യാത്ര പശ്ചാത്തലമൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. വൈറസ് ബാധയെ കുറിച്ച് കർണാടക ആരോഗ്യ വകുപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
കുഞ്ഞിന് ബാധിച്ച വൈറസ് ഏത് വർഗത്തിൽ പെട്ടതാണെന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടക്കുകയാണ്. ചൈനയിൽ ഇപ്പോൾ വ്യാപകമായ അതേ വർഗ്ഗത്തിലുള്ള എച്ച്എംപിവി വൈറസ് തന്നെയാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ചൈനയിൽ രോഗം പടർന്ന് പിടിക്കുന്നതായും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകൾ വരുന്നുണ്ട്. ഇൻഫ്ലുവൻസ എ, ന്യൂമോണിയ, കൊവിഡ് എന്നിവയൊക്കെ അതിവേഗം പടരുന്നതായാണ് വാർത്തകൾ. കുട്ടികളെയും പ്രായുള്ളവരെയുമാണ് ഈ വൈറസ് അതിവേഗത്തിൽ ബാധിക്കുന്നതെന്നാണ് വിവരം. ജലദോഷം, ചുമ, പനി, തുമ്മൽ എന്നീ രോഗങ്ങളായാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിചിട്ടുണ്ട്. എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എച്ച്എംപിവി അഥവാ ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസ്
2001 ലാണ് നെതർലാൻ്റ്സിലെ ഗവേഷകർ ആദ്യമായി എച്ച്എംപിവി തിരിച്ചറിഞ്ഞത്. വലിയ ശ്വാസകോശ അണുബാധയുടെ ഒരു പ്രധാന കാരണമാണ് ഈ വൈറസ് എന്ന് അമേരിക്കൻ ലംഗ് അസോസിയേഷൻ അഭിപ്രായപ്പെടുന്നു. യുഎസിൽ ശൈത്യകാലത്തും വസന്തകാലത്തും ഈ വൈറസ് സാധാരണയിൽ കൂടുതൽ വ്യാപിക്കാറുണ്ട്. വൈറസ് ബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ചുമ, തുമ്മൽ എന്നിവയിലൂടെയോ ഇത് പടരുന്നു. ചുമ, പനി, മൂക്കൊലിപ്പ് തൊണ്ടവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ചിലർക്ക് ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: