തിരുവനന്തപുരം: ”തത്താംകൊത്തി പാപ്പത്തി ഇഞ്ചിക്കുടുക്കേലെ വെള്ളോം മൂലയ്ക്കുവച്ചാല്‍ പാലുള്ളം പളുങ്കിലയും ചോറ്…”
തുടിയും ചീനവും കൊട്ടിക്കേറുമ്പോള്‍ വേദിക്കൊപ്പം സദസിലും ആവേശം. ജന്മനാ രക്തത്തിലലിഞ്ഞുചേര്‍ന്ന കല. ഇവര്‍ക്കിത് കലയല്ല. ജീവിതതാളം. മലയിറങ്ങി, പുഴകടന്ന്, നാടുണര്‍ത്താന്‍ നഗരത്തിലേക്കെത്തിയിരിക്കുകയാണ് പണിയരുടെ പച്ചയായ ജീവിതം കലയായി വിടര്‍ന്ന് കലോത്സവ വേദിയിലൂടെ. ഈ വര്‍ഷം മുതല്‍ പുതിയതായി ഉള്‍പ്പെടുത്തിയ അഞ്ച് തദ്ദേശീയ കലകളില്‍ ഉള്‍പ്പെടുത്തിയാണ് പണിയനൃത്തത്തിന് കലോത്സവ വേദിയിലേക്ക് കടന്നെത്താനായത്.
കല്പറ്റയിലെ ശാന്തി, ഉഷ, മണികണ്ഠന് എന്നിവരുടെ ശിക്ഷണത്തിലാണ് മഞ്ചേരി ഗവ. ബിഎച്ച്എസിലെ കുട്ടികള്‍ കലോത്സവ വേദിയിലെത്തിയത്. എല്ലാവരും പണിയ സമുദായത്തില്‍പ്പെട്ടവര്‍. ജീവിതത്തിന്റെ ഭാഗമായി പണിയനൃത്തം പഠിച്ചു വളര്‍ന്നവര്‍. പ്രത്യേകിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് പരിശീലകയായ ശാന്തി പറയുന്നത്.
മഞ്ചാടിക്കുരു പതിച്ച കമ്മലും മുടച്ചി, കല്ലുമാല പോലുള്ള ആഭരണങ്ങളും കൈവളയും നാടന്‍ വസ്ത്രവിതാനങ്ങളോടും കൂടിയാണ് പണിയനൃത്തം അവതരിപ്പിക്കുന്നത്. വട്ടംകളി, കമ്പളനാട്ടി എന്നിവ ചേര്‍ന്നതാണ് പണിയനൃത്തം. വട്ടംകളി ക്ഷേത്രോത്സവങ്ങള്‍ക്കും വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്കും അവതരിപ്പിക്കുമ്പോള്‍ കമ്പളനാട്ടിയാകട്ടെ കൃഷിയുമായി ബന്ധപ്പെട്ട പാടത്തെ ജീവിതത്തിന്റെ ഭാഗമാണ്. കാര്‍ഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള ഞാറ്റുപാട്ടാണിത്.
പണിയ വിഭാഗത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ പ്രകൃതിയും ഗുരുനാഥയായി എത്തിയിട്ടുണ്ട്. പ്രകൃതി പരിശീലനം നല്‍കിയത് പറവൂര്‍ എസ്എന്‍എച്ച്എസ്എസിലെ കുട്ടികള്‍ക്കാണ്. വിവിധ ഊരുകളില്‍ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടിരുന്ന പണിയനൃത്തത്തിന് ഏകോപം വരുത്തുന്നതിനുവേണ്ടി 2014 ല്‍ കിര്‍ത്താഡ്സിന്റെ നേതൃത്വത്തില്‍ ശില്പശാല നടത്തിയിരുന്നു. അതില്‍ നിര്‍ദേശിച്ച പൊതു ഭേദഗതികളോടെയാണ് വേദിയില്‍ പണിയനൃത്തം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: