തിരുവനന്തപുരം: പറക്കമുറ്റാത്ത മൂന്നുകുട്ടികളെ ഉപേക്ഷിച്ച് അച്ഛനുപിന്നാലെ അമ്മയും പോകുമ്പോള്‍ വാവിട്ടുകരഞ്ഞ ഏഴാം ക്ലാസുകാരന് ഇപ്പോള്‍ പ്രായം പതിനേഴ്. ദുരിതങ്ങളെ അതിജീവിക്കാനും തലയുയര്‍ത്തി നില്കാനും നൃത്തത്തെ ചേര്‍ത്തുപിടിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് എച്ച്എസ്എസിലെ ഈ പ്ലസ്ടുക്കാരന് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലുണ്ട്. ഇന്നലെ ഭരതനാട്യത്തില്‍ എഗ്രേഡ് നേടി. നാളെ കുച്ചുപ്പുടിയുണ്ട്.
അച്ഛനുപേക്ഷിക്കുമ്പോള് അഖിന് രണ്ട് വയസ്. അമ്മയും കൂടി ഉപേക്ഷിച്ചപ്പോള്‍ അഖിനും ചേച്ചി അഖിലയ്ക്കും അനുജത്തി ആതിരയ്ക്കും അമ്മൂമ്മ സരസ്വതി മാത്രമായിരുന്നു ആശ്രയം. അമ്മൂമ്മയ്ക്ക് വീട്ടു ജോലിയിലെ വരുമാനം ഭക്ഷണത്തിനുപോലും തികയാതെ വന്നപ്പോള്‍ മൂവരെയും പ്രീമെട്രിക് സ്കൂളിലാക്കി. അഖിന് ആലന്തറ യുപിസ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാക്ഷേത്ര അശ്വിത നടത്തിയ ടാലന്റ് ടെസ്റ്റിലാണ് നൃത്തത്തിലെ അഭിരുചി കണ്ടെത്തിയത്. ഏഴാംക്ലാസില്‍ പ്രാരബ്ധങ്ങള്‍ കൂടുതല്‍ മുറുക്കിവരിഞ്ഞപ്പോള് നൃത്തപഠനം അവസാനിപ്പിച്ചു. വരുമാനത്തിനായി നൃത്ത പരിപാടികള്‍ക്കിറങ്ങി.ഗുരു സസുനില്കുമാറിന്റെ കൂടി സഹായത്തോടെ വെഞ്ഞാറമൂട്ടില്‍’തസ്വൈ’ നൃത്തപഠന കേന്ദ്രം ആരംഭിച്ചു.
ഇതിനിടെയാണ് അഖിലയ്ക്ക് കണ്ണൂര്‍ സ്വദേശി പ്രണവിന്റെ വിവാഹാലോചന എത്തുന്നത്.കുട്ടികളുടെ അരങ്ങേറ്റത്തിലൂടെ ലഭിച്ച പണം സ്വരൂപിച്ച്അച്ഛന്റെ സ്ഥാനത്തുനിന്ന് വിവാഹമൊരുക്കി.കൈപിടിച്ചു കൊടുത്തു. കഴിഞ്ഞ ജൂലൈ 13ന് കണ്ണൂര്‍ പുന്നാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലായിരുന്നു വിവാഹം.
വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുത്താണ് കലോത്സവത്തിന് എത്തിയത്.സുഹൃത്ത് ആദിത്യന് സൗജന്യമായി മേക്കപ്പിടും. നൃത്തത്തില്‍ ഉന്നതപഠനം, അനുജത്തിയുടെ ജീവിതം സുരക്ഷിതമാക്കണം… ഈ പതിനേഴുകാരന്റെ മനസുനിറയെ ലക്ഷ്യങ്ങളേറെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: