ആലപ്പുഴ: എന്‍. എന്‍. കക്കാട് പുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് പി. എം.അഞ്ജന. അവാര്‍ഡ് ലഭിച്ചതറിഞ്ഞതുമുതല്‍ അഭിനന്ദന പ്രവാഹമാണ്.
‘ആദ്യ കവിത പ്രസിദ്ധീകരിച്ചതുമുതല്‍ എഴുത്തുകാരിയായി അറിയപ്പെടണമെന്നായിരുന്നു എന്റെ ആഗ്രഹം. എഴുതുക എന്നത് എനിക്ക് ഏറെ പ്രിയപ്പെട്ട പ്രക്രിയയാണ്. എഴുത്തിനെ ഇഷ്ടപ്പെടുന്ന പലര്‍ക്കും അവരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ വേദി ലഭിക്കാറില്ല. എന്‍. എന്‍. കക്കാട് പുരസ്കാരം ലഭിച്ചത് എന്റെ ഭാഗ്യമാണ്, ഇത് എന്നില്‍ കൂടുതല്‍ ഉത്തരവാദിത്വവും സൃഷ്ടിക്കുന്നു,’ അഞ്ജന പ്രതികരിച്ചു.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുത്ത് ആരംഭിച്ച അഞ്ജന നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012ല്‍ പ്രസിദ്ധീകരിച്ച ‘നിലാവിന്റെ ജാലകം’ ആണ് ആദ്യ കവിതാസമാഹാരം. അച്ഛന്റെ വായനാശീലമാണ് താനെഴുത്തിലേക്കും വായനയിലേക്കും നയിച്ചതെന്ന് അഞ്ജന ഓര്‍മ്മിച്ചു.
‘ഞാന്‍ അനുഭവിക്കുന്ന കാഴ്ചകളും മനുഷ്യരും എന്റെ കവിതകളില്‍ പ്രതിഫലിക്കുന്നു. പ്രകൃതിയോടുള്ള എന്റെ ആത്മബന്ധം പലപ്പോഴും കവിതകളില്‍ വ്യക്തമാണ്. ഈ ലോകത്തെ കുറിച്ചുള്ള എന്റെ വീക്ഷണം കവിതയിലൂടെ വരച്ചിടുകയാണ്,’ അഞ്ജന പറഞ്ഞു.
അഞ്ജനയുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘കണിക്കൊന്ന’. ശലഭമായി മാറുന്ന മനസ്സ് കണിക്കൊന്നയുടെ മനോഹാരിതയില്‍ ലയിക്കുന്നു. മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന നിമിഷങ്ങള്‍ ‘കണിക്കൊന്ന’ എന്ന കവിതയില്‍ വ്യക്തമാണ്.
മനുഷ്യജീവിതത്തിന്റെ വേദനകളെ തന്റേതാക്കി മാറ്റാനുള്ള തീവ്ര ശ്രമങ്ങളാണ് അഞ്ജനയുടെ കവിതകളില്‍ സജീവമാകുന്നത്. ‘എഴുത്തിന് ലഭിക്കുന്ന ഓരോ പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്,’ അഞ്ജന പറഞ്ഞു. പുന്നപ്രയിലെ പറമ്പില്‍ വീട്ടില്‍ സന്തോഷകരമായ നിമിഷങ്ങളാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അവാര്‍ഡിന്റെ തിളക്കത്തിനിടയിലും മൂന്നാമത്തെ കവിതാസമാഹാരം പൂര്‍ത്തിയാക്കുകയാണ്.
ആലപ്പുഴ എസ്.ഡി കോളേജില്‍ ചരിത്ര വിദ്യാര്‍ത്ഥിയായ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയും അഭ്യസിക്കുന്നു. അച്ഛന് മധു പി.എസ്, അമ്മ ഷീബ, സഹോദരന് അതുല്‍ എന്നിവരാണ് കുടുംബാംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: