ന്യൂദല്‍ഹി: ദല്‍ഹിയില്‍ 12,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദല്‍ഹി-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ ഭാഗമായ ഉത്തര്‍പ്രദേശിലെ സാഹിബാബാദിനെയും ദല്‍ഹിയിലെ ന്യൂഅശോക് നഗറിനെയും ബന്ധിപ്പിക്കുന്ന 13 കിലോമീറ്റര്‍ വരുന്ന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അശോക് നഗര്‍ മുതല്‍ സാഹിബാബാദ് വരെ നമോഭാരതില് പ്രധാനമന്ത്രി യാത്ര ചെയ്തു. ദല്‍ഹിക്ക് ലഭിക്കുന്ന ആദ്യത്തെ നമോ ഭാരത് സര്‍വീസാണിത്. 4600 കോടി ചെലവിട്ടാണ് അശോക് നഗര്‍ മുതല്‍ സാഹിബാബാദ് വരെയുള്ള പാത പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മെട്രോ ശൃംഖലയുടെ കാര്യത്തില്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറി. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖല ഭാരതത്തിന്റേതാകും. 2014ന് മുമ്പ് മെട്രോ ശൃംഖല 248 കിലോമീറ്റര്‍ മാത്രമായിരുന്നു. അത് അഞ്ച് നഗരങ്ങളില്‍ മാത്രമൊതുങ്ങി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 752 കിലോമീറ്ററിലധികം പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്തു. 21 നഗരങ്ങളില്‍ ഇപ്പോള്‍ മെട്രോ സേവനമുണ്ട്. 1000 കിലോമീറ്ററിലധികം മെട്രോ പാത നിലവില്‍ ദ്രുതഗതിയിലുള്ള വികസനത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
2014ല്‍ മെട്രോ സൗകര്യങ്ങളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ആദ്യ പത്തില്‍ പോലും ഭാരതം ഉണ്ടായിരുന്നില്ല. ദല്‍ഹി മെട്രോ നാലാം ഘട്ടത്തില്‍ ജനക്പുരിക്കും കൃഷ്ണ പാര്‍ക്കിനുമിടയില്‍ 1200 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 2.8 കിലോമീറ്റര്‍ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദല്‍ഹി മെട്രോ ശൃംഖലയുടെ ഭാഗമായി 6230 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന റിഠാല-കുണ്ഡ്ലി ഭാഗത്തിന്റെയും രോഹിണിയില്‍ 185 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേന്ദ്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടത്തിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
പത്ത് വര്‍ഷം മുമ്പ്, അടിസ്ഥാനസൗകര്യ വികസനത്തിന് ഏകദേശം രണ്ടു ലക്ഷം കോടി രൂപയായിരുന്നു ബജറ്റ്. ഇപ്പോള്‍ അത് 11 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഈ പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും സഹായകമാകും. ലോകത്തിന്റെ ആരോഗ്യ-ക്ഷേമ തലസ്ഥാനമായി ഭാരതത്തിന് മാറാനാകും. മേക്ക് ഇന്‍ ഇന്ത്യക്കൊപ്പം ഹീല്‍ ഇന്‍ ഇന്ത്യയും ലോകം തത്വമായി സ്വീകരിക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രഭവന-നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: