മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപം സമുദ്ര ഗവേഷക സംഘം തകര്‍ന്ന യുദ്ധക്കപ്പല്‍ കണ്ടെത്തി. 17- 18 നൂറ്റാണ്ടിലെ യൂറോപ്യന്‍ യുദ്ധക്കപ്പലാണിതെന്നാണ് പ്രാഥമിക നിഗമനം. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ബ്രിട്ടണ് എന്നീ രാജ്യങ്ങളിലൊന്നിന്റേതാണെന്നാണ് വിലയിരുത്തല്‍.
ലക്ഷദ്വീപ് സമൂഹത്തിലെ കല്പേനി ദ്വീപിലെ തടാകത്തിന് സമീപമാണ് തകര്‍ന്ന കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്ര ഗവേഷകന് സജ്രിത് മാനേയുടെ നിയന്ത്രണത്തില്‍ മുങ്ങല്‍ വിദഗ്ധരായ നസ്റുല്ല, സാജുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈയിലെ ബന്ന ഡൈവ് സംഘമാണ് സമുദ്ര ഗവേഷണം നടത്തുന്നത്. ശനിയാഴ്ചയാണ് സംഘം തകര്‍ന്ന യുദ്ധ കപ്പല്‍ കണ്ടത്.
പവിഴപ്പുറ്റില്‍ തുരുമ്പെടുത്ത് ഭാഗികമായി പൂണ്ട നിലയിലാണ് കപ്പലവശിഷ്ടം. സമീപം പീരങ്കിയും നങ്കൂരവും കണ്ടെത്തിയതോടെയാണ് യുദ്ധക്കപ്പലെന്ന് തിരിച്ചറിഞ്ഞത്. 50- 60 മീറ്റര്‍ നീളത്തിലുള്ള ഇരുമ്പു നിര്‍മിത കപ്പലാണിത്. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് 17 ാം നുറ്റാണ്ടില്‍ ഇരുമ്പു കപ്പല്‍ ഉപയോഗിച്ചിരുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇരുമ്പ്- മരം മിശ്രിത കപ്പലുകളാണ് ഉപയോഗിച്ചത്. കപ്പല്‍ കണ്ടെത്തിയ മേഖലയില്‍ യുദ്ധക്കപ്പല്‍ മുങ്ങിയതായി രേഖകളൊന്നുമില്ലെന്ന് കടല്‍ ചരിത്ര ഗവേഷകനായ ഡോ. ഇന്ദ്രീസ് ബാബു ചൂണ്ടിക്കാട്ടി. പവിഴപ്പുറ്റുകളുടെ വളര്‍ച്ചയും സമുദ്രജീവി സംരക്ഷണവും ലക്ഷ്യമാക്കിയാണ് ലക്ഷദ്വീപ് സമൂഹത്തില്‍ പര്യവേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: