ന്യൂദെൽഹി:വ്യാപകമായ മഞ്ഞുവീഴ്‌ച്ചയെ തുടർന്ന് ജമ്മു കാശ്മീരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാശ്മീരിന്റെയും ചെനാബ് താഴ്‌വരയുടെയും മധ്യഭാഗത്താണ് കനത്ത മഞ്ഞുവീഴ്‌ച്ച അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഉപെരിതലഗതാഗതത്തെയും മഞ്ഞ് വീഴ്‌ച്ച ബാധിച്ചിട്ടുണ്ട്. ഞായറാഴ്‌ച്ച ശ്രീനഗർ വിമാനത്താവളത്തിലെ മുഴുവൻ ഫ്ലൈറ്റുകളും റദ്ദാക്കി. 50 വിമാന സർവ്വീസുകളാണ് റദ്ദാക്കേണ്ടി വന്നതെന്ന് ശ്രീനഗർ എയർപോർട്ട് ഡയറക്ടർ ജാവേദ് അഞ്ജും പറഞ്ഞു.
രാത്രി താപനില കുറയുന്നു, കോക്കർനാഗിൽ മൈനസ് 8.1 ഡിഗ്രി സെൽഷ്യസ്
കാശ്മീർ താഴ്‌വരയിലെ രാത്രി താപനില കുത്തനെ കുറഞ്ഞു. പല നഗരങ്ങളും തണുത്തുറഞ്ഞതായി അധികൃതർ അറിയിച്ചു. തെക്കൻ കാശ്മീരിലെ കോക്കർനാഗ് നഗരത്തിലെ താപനില മൈനസ് 8.1 ഡിഗ്രി സെൽഷ്യസ് ആയി. വടക്കൻ കാശ്മീരിലെ പേരുകേട്ട ടൂറിസ്റ്റ് നഗരമായ ഗുൽമാർഗ് മൈനസ് 4 ഡിഗ്രി സെൽഷ്യസിലായി. അമർനാഥ് യാത്രയുടെ അടിസ്ഥാന ക്യാമ്പുകളിലൊന്നായ പഹൽഗാമിൽ കുറഞ്ഞ താപനില മൈനസ് 3.2 ഡിഗ്രി സെൽഷ്യസ് ആണ്. കാശ്മീരിന്റെ ഗേറ്റ് വേ നഗരമായ ഖാസി ഗുണ്ടിൽ കുറഞ്ഞ താപനില മൈനസ് 3.6 ഡിഗ്രി സെൽഷ്യസും കോനിബലിൽ മൈനസ് 3.5 ഡിഗ്രി സെൽഷ്യസും കുപ് വാരയിൽ മൈനസ് 2.8 ഡിഗ്രി സെൽഷ്യസും ആണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: