പശ്ചിമഘട്ടം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഭാരതത്തില്‍ പരിസ്ഥിതി നിയമം കൊണ്ടുവന്ന സമയത്തു തന്നെ തീരുമാനിച്ചിരുന്നു. സുപ്രീം കോടതിയും, കേന്ദ്ര വനം വന്യജീവി ബോര്‍ഡും,കേന്ദ്ര സര്‍ക്കാരും ഒട്ടനവധി കോടതി വിധികളും പിന്നെ ഗാഡ്ഗില്‍ കമ്മിറ്റിയും വരെ അതിന് നിര്‍ദേശം കൊടുത്തു. ഒരു പ്രബല വിഭാഗം കര്‍ഷകര്‍ എന്ന പേരിലും, മത സംഘടന എന്ന രീതിയിലും, പ്രാദേശിക സംഘടിത ബലം ഉപയോഗിച്ചും, സംരക്ഷണ സമിതി എന്ന നിലയിലും പേശി ബലം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തി. ഇതുവരെ പശ്ചിമഘട്ട സംരക്ഷണം മാത്രം നടത്താന്‍ സമ്മതിച്ചില്ല. ‘കര്‍ഷകരാണ്’ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകര്‍ എന്ന് ഇവര്‍ സ്വയം പറയുന്നു. എന്നാലിവരാകട്ടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കസ്തൂരി രംഗന് റിപ്പോര്‍ട്ട്, ഹൈക്കോടതി വിധികള്‍, ബഫര്‍ സോണ്‍ ആവശ്യം, പരിസ്ഥിതി ദുര്‍ബല പ്രദേശം, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍, വൃഷ്ടി പ്രദേശ വനസംരക്ഷണം, നദിക്കരയിലെ പ്രളയ സാധ്യതാ പ്രതലങ്ങള്‍, റിസേര്‍വ് വനം, പരിസ്ഥിതി ലോല മേഖല, സംരക്ഷിത വനം, വനവാസി സംരക്ഷണ നിയമം വരെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുകയാണ്.
ഏറ്റവും പുതിയതായി കേരള സര്‍ക്കാര്‍ വന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും ശിക്ഷയും വര്‍ധിപ്പിക്കാനും വനപാലകര്‍ക്ക് നിയമം നടപ്പാക്കാനുള്ള അധികാരവും നല്കുന്ന ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നു. അതും ഒരു കൂട്ടം ആളുകള്‍ ജനത്തെ ഇറക്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ ശാസ്ത്രീയ സംരക്ഷണം ഇല്ലാതാക്കാന്‍ നാളേറെയായി സംഘടിത ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്നും മഴ തുടങ്ങിയാല്‍ പശ്ചിമഘട്ടം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, റോഡ് ഒഴുകി പോകല്‍, വൈദ്യുതി നിലയ്ക്കല്‍, സ്ഥലങ്ങള്‍ ഒറ്റപ്പെട്ടുപോകല്‍, കൃഷി നാശം, ഡാം പൊട്ടല്‍ ഭീക്ഷണി എന്നിവ ഇവിടുത്തെ ജനങ്ങള്‍ നിരന്തരമായി അനുഭവിക്കുന്നു. ഇതിന് പുറമെയാണ് വേനലായാലുള്ള കുടിവെള്ള ക്ഷാമം. വന്യജീവി ആക്രമണം പശ്ചിമഘട്ടത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയുന്നു.
അതോടൊപ്പം വന നശീകരണം, റിസോര്‍ട്ട് പെരുകല്‍, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കുഴല്‍ കിണര്‍ വര്‍ധന, വനം കൈയേറ്റം, തടി കടത്തല്‍, അനധികൃത പാറ ഘനനം, മണ്ണെടുപ്പ്, ജൈവ വൈവിധ്യം നശിപ്പിക്കല്‍, ഭു വിനിയോഗ മാറ്റം എന്നിവയെല്ലാം ആരുടെയൊക്കെയോ ഒത്താശയോടെ ഹൈ റേഞ്ചില്‍ നടന്നുവരുന്നു. ഉറങ്ങിക്കിടന്ന 900 ത്തിലധികം സാധാരണക്കാര്‍ ഇതിനോടകം ദുരന്തങ്ങളില്‍ പലപ്പോഴായി മണ്ണില്‍ മൂടപ്പെട്ടു. യഥാര്‍ത്ഥ കര്‍ഷകരല്ലാത്ത ‘കര്‍ഷകര്‍’ എന്ന് വീമ്പിളക്കുന്നവരുടെ യഥാര്‍ത്ഥ കൃഷി എന്തെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പരിശോധിക്കണം. പശ്ചിമഘട്ടമാണ് സംസ്ഥാനത്തെ നദികളുടെ ഉത്ഭവ സ്ഥാനം. അതില്ലെങ്കില്‍ നമ്മുടെ കുടിവെള്ളവും മുട്ടും. പശ്ചിമഘട്ടം കേരളത്തിന്റെ നിലനില്‍പ്പിനു അനിവാര്യമാണ്. സംരക്ഷിക്കേണ്ടത് നമ്മളാണ്. ശാസ്ത്രീയമായ സംരക്ഷണമാണ് പശ്ചിമഘട്ടത്തിന് ആവശ്യം. അത് ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമോ, ഹിത പരിശോധനയോ, പ്രാദേശിക വാദമോ, രാഷ്ട്രീയ നേട്ടമോ നോക്കി ജനാധിപത്യ രീതിയിലാക്കാന്‍ പറ്റില്ലല്ലോ.
(തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: