ന്യൂദൽഹി : രാജ്യ തലസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പോലീസ് നടപടിയുടെ ഭാഗമായി ദ്വാരക ഡിസ്ട്രിക്ട് സ്‌പെഷ്യൽ സ്റ്റാഫ് ടീം ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് ബംഗ്ലാദേശി പൗരന്മാരെ പിടികൂടി നാടുകടത്തി. സംശയാസ്പദമായ 500 ഓളം പേരെ പരിശോധിച്ചുവെന്നും ദ്വാരക ജില്ലാ പോലീസ് കമ്മീഷണർ അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദ്വാരക ഡിസിപിയുടെ നേതൃത്വത്തിൽ ഈ ഓപ്പറേഷൻ നിർവഹിക്കാൻ പ്രത്യേക സംഘം തന്നെ രൂപീകരിച്ചു.
അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ താമസക്കാരായി ഇടപഴകുക എന്നിവയുൾപ്പെടെ നിരവധി തന്ത്രങ്ങളാണ് സംഘം സ്വീകരിച്ചത്. ചേരികൾ, ലേബർ ക്യാമ്പുകൾ, അനധികൃത കോളനികൾ, പ്രത്യേകിച്ച് കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണ സംഘം പരിശോധനകൾ നടത്തി. ഇതിനിടയിലാണ് അഞ്ച് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാർ പിടിയിലായത്.
ബംഗ്ലാദേശിലെ ബഗർഹട്ട് സ്വദേശിയായ ഷാഹിദ് (53) , ബസാർ ശർമഷി സ്വദേശി നജ്‌റുൾ ഷെയ്ഖ് (50), ബഗർഹട്ട് ജില്ലയിലെ പിഎസ് മോറൽ ഗഞ്ച് സ്വദേശിനി പ്രവീൺ (25) രണ്ടു കുട്ടികൾ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയതായി ഇവർ സമ്മതിച്ചു. ഇവരുടെ ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന മൊബൈൽ നമ്പറുകളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെടുത്തു.
തുടർന്ന് പിടിയിലായ വ്യക്തികളെ ദൽഹിയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ ഹാജരാക്കുകയും തുടർനടപടികൾക്കായി ഇൻഡർലോകിലെ ഒരു കേന്ദ്രത്തിൽ തടങ്കലിലാക്കുകയും ചെയ്തു. നേരത്തെ 2024ൽ 132 വിദേശ പൗരന്മാരെ നാടുകടത്തിയിരുന്നു. 116 പേർ നൈജീരിയയിൽ നിന്നും 73 പേർ ഘാനയിൽ നിന്നും 48 പേർ ഉഗാണ്ടയിൽ നിന്നുമുള്ളവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: