തിരുവനന്തപുരം: ‘ഒന്നിച്ചിരുന്നു കളിച്ചു ചിരിച്ചവര്‍…
ഒന്നിച്ചിരിന്നങ്ങു കൂടെ പഠിച്ചവര്‍…
ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…
ഇണയറ്റ തുണയറ്റ ജീവിതങ്ങള്‍…’
വരികള്‍ക്കൊത്ത് നിറഞ്ഞാടുമ്പോഴും അവരുടെ മനസില്‍ പ്രളയം പെയ്തിറങ്ങിയ ആ രാത്രിയും സര്‍വതും മരണത്തിലേക്കാഴ്‌ത്തിയ ദുരന്തവും വിങ്ങുകയായിരുന്നു. സ്‌കൂള്‍ കലോത്സവ ഉദ്ഘാടന സദസിനുമുന്നില്‍ ചുവടുവച്ചപ്പോള്‍ അതിജീവനത്തിന്റെ മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു വയനാട് വെള്ളാര്‍മല സ്‌കൂളിലെ നൃത്തസംഘം. അന്നത്തെ നടുക്കുന്ന ഓര്‍മയില്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പക്ഷേ, ഉരുളെടുത്ത മണ്ണില്‍ നിന്നുയിര്‍ത്തെഴുന്നേറ്റു കരുത്താര്‍ന്ന ഏഴു പെണ്‍കുട്ടികളുടേയും ചുവടുകള്‍ ഇടറിയില്ല.
കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുശേഷം ആദ്യം അരങ്ങിലെത്തിയത് വെള്ളാര്‍മല സ്‌കൂളിലെ ഹൈസ്‌കൂള്‍ കുട്ടികളുടെ സംഘനൃത്തമായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഈ സ്‌കൂളിലെ 33 വിദ്യാര്‍ത്ഥികളെയാണ് നഷ്ടമായത്. കുത്തിയൊലിച്ചെത്തിയ മണ്ണൊഴുക്ക് വെള്ളാര്‍മലയെ കവര്‍ന്നെടുത്തതും കൂട്ടുകാരെ നഷ്ടപ്പെട്ടതും അവര്‍ അനുഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയും തുടര്‍ന്നുള്ള അതിജീവനവുമായിരുന്നു നൃത്തത്തിന്റെ ഇതിവൃത്തം. ദുരന്തത്തെ നേരിട്ടു കണ്ട ശിവപ്രിയ, വൈഗ, അശ്വിനി, വീണ, അഞ്ജലി, ഋഷിക, സാധിക എന്നിവരാണ് അരങ്ങിലെത്തിയത്. നിറഞ്ഞ കണ്ണുകളായിരുന്നു സദസില്‍… അവര്‍ കൈയടിക്കാന്‍ മറന്നു… ഉള്ളുപൊട്ടി അവര്‍ ഈ പെണ്‍കുഞ്ഞുങ്ങളെ നമിച്ചു.
നൃത്തത്തിന് ഗാനം രചിച്ചത് തൃശ്ശൂര്‍ നാരായണന്‍ കുട്ടിയാണ്. സംഗീതം നല്കിയതും രംഗഭാഷ ഒരുക്കിയതും നൃത്ത അധ്യാപകന്‍ അനില്‍ വെട്ടിക്കാടും. വെള്ളാര്‍മല സംഘം ജില്ലയില്‍ എ ഗ്രേഡ് നേടിയിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: