ന്യൂദൽഹി:ബംഗാൾ കേന്ദ്രീകരിച്ച് വ്യാജ പാസ്പോർട്ട് റാക്കറ്റ്. അന്താരാഷ്‌ട്ര ബന്ധമുണ്ടെന്ന് കരുതുന്ന റാക്കറ്റിനെ കുറിച്ച് സംസ്ഥാന – കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. വ്യാജ പാസ്പോർട്ട് നിർമ്മിച്ച് നൽകി ബംഗ്ലാദേശികളെ ഇന്ത്യക്കാരാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്ന റാക്കറ്റിന്റെ അന്താരാഷ്‌ട്ര ബന്ധത്തെ കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. ഐസ്, അൽഖ്വയ്ദ പോലുള്ള ഭീകര സംഘടനകളുമായി ഈ റാക്കറ്റിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. അൽഖ്വയ്ദയുമായി ബന്ധമുള്ള ഒരു ബംഗ്ലാദേശ് ഭീകരനെ കഴിഞ്ഞ ദിവസമാണ് അസം പൊലീസ് കാസർക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ നോർത്ത് 24 പർഗാനയിലെ വസതിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് റാക്കറ്റ് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു അറസ്റ്റ്. കൊൽക്കത്ത പൊലീസിലെ മുൻ സബ്ബ് ഇൻസ്പക്ടറായിരുന്ന അബ്ദുൾ ഹായിൽ നിന്നും നിരവധി വ്യാജപാസ്പോർട്ടുകളും കണ്ടെടുത്തു. റാക്കറ്റുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വ്യാജ പാസ്പോർട്ടിന് 25000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇയാളുടെ സംശയകരമായ ചില ബാങ്ക് ഇടപാടുകൾ സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. റാക്കറ്റുമായി മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് പൗരന്മാരായവർ വിദേശങ്ങളിലേക്ക് പോകുന്നത് ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: